TOPICS COVERED

ഐഎഎസ് തലപ്പത്ത് ഏറ്റുമുട്ടല്‍ രൂക്ഷമാക്കി അ‍‍‍‍ഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ അധിക്ഷേപിച്ച് കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത‌ിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്.  ജയതിലകിനെക്കുറിച്ച് പൊതുജനമറിയേണ്ട ചില കാര്യങ്ങള്‍ തുറന്നുപറയുമെന്ന് പ്രശാന്ത് മുന്നറിയിപ്പ് നല്‍കി. മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി ജയതിലകെന്നും എഫ് ബി പോസ്റ്റുകളിലെ മറുപടിയില്‍ പ്രശാന്ത് അധിക്ഷേപിച്ചിട്ടുണ്ട്. പ്രശാന്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടും.

എന്‍. പ്രശാന്ത്  SC-ST  വകുപ്പിന് കീഴിലുള്ള ഉന്നതിയിലുണ്ടായിരുന്ന കാലത്തെ ചില ഫയലുകള്‍ കാണാനില്ലെന്ന് വാര്‍ത്തയാണ്  കടന്നാക്രമണത്തിന് പിന്നില്‍. ജോലിക്ക് കൃത്യമായി പ്രശാന്ത് ഹാജരാവാറില്ലെന്ന ജയതിലകന്‍റെ റിപ്പോര്‍ട്ടും പരസ്യഏറ്റുമുട്ടലിന് പ്രശാന്തിനെ പ്രേരിപ്പിച്ചു. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച് വ്യക്തിയാണ് ജയതിലകെന്ന് ആക്ഷേപിച്ചാണ് ചിലകാര്യങ്ങള്‍ തുറന്നുപറയുമെന്ന് പ്രശാന്ത് ഭീഷണി മുഴുക്കിയിരിക്കുന്നത്. 

ജയതിലക് എന്ന മുതിര്‍ന്ന ഐഎഎസുകാരനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുകള്‍ തുറന്നുപറയാന്‍ നിര്‍ബന്ധിതനായിരിക്കെയാണെന്ന് പ്രശാന്ത് പറയുന്നു. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ ഒന്നൊന്നായി തുറന്നുപറയുമെന്നും കാര്യങ്ങള്‍ അറിയാവുന്നവര്‍ക്ക് കമന്‍റ് ഇടാമെന്നും പ്രശാന്ത് എഫ്ബി പോസ്റ്റില്‍ സൂചിപ്പിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് പിന്നില്‍ ജയതിലകെന്ന് ആരോപിച്ച പ്രശാന്ത്, മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്തരോഗിയെന്നും മറുപടികള്‍ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. കാണാതായെന്ന് പറയുന്ന ഫയലുകള്‍ അന്നത്തെ മന്ത്രി കെ രാധാകൃഷ്ണനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് വിശദീകരിക്കുന്നു.

ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍പെട്ട  വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും പ്രശാന്ത് ട്രോളിയിട്ടുണ്ട്. നേരത്തെ ഉന്നതയിലുണ്ടായിരുന്ന  വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്താണോ എന്ന് സംശയമെന്ന് എന്‍.പ്രശാന്ത് പരിഹസിക്കുന്നു. സര്‍വീസ് ചട്ടങ്ങളും എല്ലാ പരിധികളും വിട്ട് ഐഎഎസ് തലപ്പുറത്തുള്ളവര്‍ പോരടിക്കുമ്പോള്‍ സര്‍ക്കാരിന് തലവേദനയാണ്.