2645.58 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് അമേരിക്കകാരി. യുഎസിലെ ടെക്‌സാസിൽ നിന്നുള്ള അലീസ് ഓഗ്‌ലെട്രി എന്ന 36 കാരിയാണ് റെക്കോര്‍ഡിട്ടത്. 2014-ൽ 1,569.79 ലിറ്റർ ദാനം നല്‍കിയ സ്വന്തം റെക്കോർഡാണ് ഓഗ്‍ലെട്രി തകർത്തത്. 2010 ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് യുവതി മുലപ്പാല്‍ ദാനം ചെയ്യാന്‍ തുടങ്ങിയത്.
മുലപ്പാല്‍ അമിതമായി ഉത്പ്പാദിപ്പിക്കുകയും ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. ആദ്യ പ്രസവ സമയത്ത് നഴ്‌സുമാരാണ് മുലപ്പാല്‍ ദാനം ചെയ്യുന്നതിനെ പറ്റി പറഞ്ഞു തന്നതെന്നും യുവതി ഗിന്നസ് ലോക റെക്കോര്‍ഡ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുലപ്പാല്‍ ഒരുപാട് കുഞ്ഞുങ്ങളെ സായിക്കുമെന്നതിനാല്‍ ഞാന്‍ നന്നായി വെള്ളം കുടിക്കും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുമെന്ന് യുവതി പറഞ്ഞു.
ഒരു ലിറ്റര്‍ മുലപ്പാല്‍ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങള്‍ക്ക് സഹായകമാകുമെന്നാണ് കണക്ക്. ഇതുപ്രകാരം 3.50 ലക്ഷം കുഞ്ഞുങ്ങളെ അലീസ് ഓഗ്‌ലെട്രി ഇതിനോടകം സഹായിച്ചു. നാല് കുഞ്ഞുങ്ങളുടെ അമ്മയാണെങ്കിലും അലീസ് മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുകയാണ്. ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും രാത്രിയിലടക്കം 15-30 മിനുട്ട് നേരം മുലപ്പാൽ നൽകാറുണ്ടെന്ന് യുവതി പറഞ്ഞു.