രാജ്യത്ത് ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ പുതിയ നീക്കവുമായി റഷ്യ. ഇതിനായി ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനാണ് റഷ്യ ആലോചിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ അനേകം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുതകുന്ന നടപടികൾ എടുക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിരുന്നു. Also Read: ട്രംപ് പുട്ടിനെ വിളിച്ചെന്നോ? പച്ചക്കള്ളം; നിഷേധിച്ച് റഷ്യ...
രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ലൈറ്റുകള്‍ അണച്ചും ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചും പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. കൂടാതെ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുക, അതവരുടെ പെന്‍ഷനിലേക്കും വകയിരുത്തുകയെന്നതും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5,000 റൂബിള്‍ (4,395 ഇന്ത്യന്‍ രൂപ) ധനസഹായം നല്‍കുക, വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ സഹായമായി 26,300 റൂബിള്‍ (23,122 ഇന്ത്യന്‍ രൂപ) നല്‍കുക തുടങ്ങിയവയും പരിഗണനയിലുണ്ട്.
പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്ക് കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും.
ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു.
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇതിനായി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ ജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നൽകാതിരുന്നവർക്ക് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടിവന്നു. സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ പ്രത്യുൽപാദനശേഷി പരിശോധനാ സൗകര്യം ഇരുപതിനായിരത്തിലേറെ സ്ത്രീകൾ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.