TOPICS COVERED

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. റിയോ ഡി ജനീറോ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഇന്ത്യന്‍ സമൂഹവും കാത്തുനിന്നിരുന്നു. നീതിയുക്തമായ ലോകവും സുസ്ഥിര ഭൂമിയും എന്നതാണ് ബ്രസീല്‍ ഉച്ചകോടിയുടെ പ്രമേയം. 

നൈജീരിയ, ഗയാന റിപ്പബ്ലിക്കുകള്‍ സന്ദര്‍ശിച്ച ശേഷമാണ് നരേന്ദ്രമോദി റിയോയിലെത്തുന്നത്. ഡല്‍ഹി ഉച്ചകോടിയുടെ ആതിഥേയന്‍ എന്ന നിലയില്‍ ബ്രസീലില്‍ ട്രോയിക അംഗമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടമാണ് രാഷ്ട്രത്തലവന്‍മാരുടെ പ്രധാന ചര്‍ച്ചാ വിഷയം. നൈജീരിയന്‍ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവുമായുള്ള കൂടിക്കാഴ്ചയിലും മോദി ഗ്ലോബൽ സൗത്തിന്റെ വികസനത്തെക്കുറിച്ച് പരാമര്‍ശിച്ചു.

ഉച്ചകോടിയില്‍ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ മോദി വ്യക്തമാക്കും.  ആഗോള ഭരണസ്ഥാപനങ്ങളില്‍ വരുത്തേണ്ട പരിഷ്ക്കാരങ്ങളും  ചര്‍ച്ചയാകും.  സുസ്ഥിര വികസനവും ഊര്‍ജപരിവര്‍ത്തനവുമാണ് ജി 20യിലെ മറ്റൊരു പ്രധാന വിഷയം.  മൂന്ന് പ്ലീനറി സെഷനുകളാണുള്ളത്. ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. 

ENGLISH SUMMARY:

Prime Minister Narendra Modi arrived in Brazil to attend the G20 summit