jaicy-abraham

കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസിന്‍റെ അന്വേഷണം. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക സൂചനകള്‍. ഫ്ലാറ്റിലെത്തിയവരെ കേന്ദ്രീകരിച്ചാണ് കളമശേരി പൊലീസിന്‍റെ അന്വേഷണം.

 

പെരുമ്പാവൂര്‍ കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാമിനെയാണ് കൂനംതൈയിലെ അപ്പാര്‍ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സിയെ കാനഡയിലുള്ള മകള്‍ ഫോണില്‍വിളിച്ച് ലഭിക്കാതെ വന്നതോടെ പൊലീസിനെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ശുചിമുറിയില്‍ വിവസ്ത്രയായി ചോരയില്‍ കുളിച്ചുകിടന്ന് ജെയ്സിയെ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസിന് അസ്വാഭാവികത തോന്നി. 

തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു ഒരു പല്ല് അടര്‍ന്ന് പോയതായും കണ്ടെത്തി. തലയിലെ മുറിവ് വീഴ്ചയില്‍ സംഭവിച്ചതല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഭാരമുള്ള വസ്തുകൊണ്ടാണ് ആക്രമണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി തകര്‍ന്നു. ജെയ്സിയുടെ രണ്ട് ഫോണുകളും രണ്ട് സ്വര്‍ണ വളകളും നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പാര്‍ട്മെ‍ന്റിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സംവിധാനങ്ങളില്ല. സുരക്ഷാ ജീവനക്കാരന്‍ ഇല്ലാത്തതും സിസിടിവി സ്ഥാപിക്കാത്തതും അന്വേഷണത്തില്‍ തിരിച്ചടിയായി. 

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയവും പൊലീസിനുണ്ട്.

ENGLISH SUMMARY:

Jaise Abraham's death is suspected to be a murder

Google News Logo Follow Us on Google News