കോംഗോയിലെ കറ്റാംഗ മേഖലയില്‍ വന്‍മണ്ണിടിച്ചില്‍. എന്നാല്‍ പര്‍വ്വതപ്രദേശത്തെ മണ്ണിടിച്ചിലില്‍ വെളിവായതാകട്ടെ വിലമതിക്കാനാകാത്ത ‘സമ്പത്തും’. വൻതോതിലുള്ള ചെമ്പ് ശേഖരമാണ് മണ്ണിടിച്ചിലിനു പിന്നാലെ പ്രദേശത്ത് കണ്ടെത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കോംഗോയിലെ ഏറെ ധാതു സമ്പന്നമായ പ്രദേശമാണ് കറ്റാംഗ മേഖല. അൽജസീറ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉരുള്‍പൊട്ടലില്‍ പര്‍വ്വതത്തിന്‍റെ ഉയരങ്ങളില്‍ നിന്ന് മണ്ണൊലിച്ചുവരുന്നതും ഇത് കാണാൻ നൂറുകണക്കിന് ആളുകൾ കൂട്ടം കൂടി നില്‍ക്കുന്നതും കാണാം. പിന്നാലെ ആളുകള്‍ കൂകിവിളിക്കുന്നതും ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, പിന്നാലെ കമന്‍റുകളുമെത്തി. ‘യൂറോപ്പ്, യുകെ, യുഎസ്എ, ചൈന എന്നിവരെ അകറ്റി നിര്‍ത്തുക, ഇത് കോംഗോ ജനതയുടേതാണ്, ബ്രിട്ടന്‍റെയും പാശ്ചാത്യ ശക്തികളുടെയും പ്രവേശനം നിരോധിക്കുക’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.
കോംഗോയിലെ വിലമതിക്കാനാകാത്ത പ്രകൃതി വിഭവങ്ങളിൽ ഒന്നാണ് ഭൂമിക്കടിയിലെ ചെമ്പ് നിക്ഷേപം. ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ മിനറൽ ബെൽറ്റായ സെൻട്രൽ ആഫ്രിക്കൻ കോപ്പർ ബെൽറ്റിന്‍റെ ഭാഗമാണ് കറ്റാംഗ മേഖല. ഹൗട്ട്-കറ്റാംഗ പ്രവിശ്യയായിട്ടാണ് ഇത് ഇന്ന് അറിയപ്പെടുന്നത്. രാജ്യത്തിലെ വലിയ ചെമ്പ് നിക്ഷേപങ്ങളുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്. കൂടാതെ ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ചെമ്പ് നിക്ഷേപങ്ങളിൽ ചിലതും കോംഗോയിലാണ്. ഉയർന്ന ഗുണമേന്മയ്ക്കും താരതമ്യേന കുറഞ്ഞ ഉൽപ്പാദനച്ചെലവിനും പേരുകേട്ടതാണ് കറ്റാംഗയിലെ ധാതുനിക്ഷേപങ്ങള്‍. ചെമ്പ് കൂടാതെ കൊബാൾട്ട്, യുറേനിയം, ടിൻ, സിങ്ക് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് ധാതുക്കളും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക്കൽ വയറിങിനും പുനരുപയോഗിക്കാവുന്ന ഊർജ സംവിധാനങ്ങൾക്കും ഉള്‍പ്പെടെ വ്യാവസായിക രംഗത്ത് ചെമ്പ് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ആഗോളതലത്തിലെ ഗ്രീൻ എനർജിയിലേക്കുള്ള മാറ്റവും വൈദ്യുത വാഹനങ്ങളുടെ ഡിമാൻഡ് വർദ്ധനയും ആഗോള വിതരണ ശൃംഖലകൾക്കുമേല്‍ ചെമ്പിന്‍റെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്.