ഭക്ഷണ വിതരണ ശൃംഖലയായ ഊബര്‍ ഈറ്റ്സ് വഴി ബുറിറ്റോ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ കഞ്ചാവ്. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം. ഓണ്‍ലൈനില്‍ കഞ്ചാവെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാക്കറ്റിനുള്ളില്‍ കഞ്ചാവാണെന്ന് അറിയാതെയാണ് ഡെലിവറിബോയി സാധനമെത്തിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബുറിറ്റോ( ഒരിനം റോള്‍), സോസ്, ഒരു കുപ്പി വെള്ളം എന്നിവയ്ക്കുള്ള പണമാണ് അടച്ചത്. ഊബര്‍ ഈറ്റ്സ് കൃത്യസമയത്ത് 'ഭക്ഷണപ്പൊതി' കൈമാറി കടന്നുപോയി. എന്നാല്‍ ഭക്ഷണപാക്കറ്റില്‍ നിന്ന് അസാധാരണമായ മണം ഉണ്ടായതോടെയാണ് യുവതി തുറന്ന് നോക്കിയത്. ഭദ്രമായി പൊതിഞ്ഞ കഞ്ചാവ് കണ്ടതും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സാമാന്യം വലിയ സിപ് ലോക്ക് കവറിലായിരുന്നു കഞ്ചാവ് നിറച്ചിരുന്നത്.
പൊതിയുടെ ചിത്രങ്ങള്‍ പൊലീസാണ് പുറത്തുവിട്ടത്. ഊബര്‍ ഈറ്റ്സ് മറയാക്കി ആരോ അനധികൃതമായി കഞ്ചാവ് കടത്താന്‍ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ലഹരിമരുന്നു, മദ്യവും ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത് മുന്‍പ് കണ്ടെത്തിയിരുന്നു. സംഭവം തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇനിയും ഇത്തരത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ വിവരമറിയിക്കണമെന്നും ഊബര്‍ ഈറ്റ്സ് അധികൃതരും അറിയിച്ചു.