കാനഡയില്‍ മൃഗശാല ജീവനക്കാരന്‍ അബദ്ധത്തിൽ ഹൈഡ്രോളിക് ഡോർ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് ഗൊറില്ലയ്ക്ക് ദാരുണാന്ത്യം. ഈമാസം 12ന് ആൽബർട്ടയിലെ കാൽഗറി മൃഗശാലയിലാണ് സംഭവം. 2 വയസ്സുള്ള വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയായ ‘ഇയാരെ’യാണ് ചത്തത്.
ഗൊറില്ലയെ ജീവനക്കാരില്‍ ഒരാള്‍ പരിശീലനത്തിനായി കൂട്ടില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജീവനക്കാരന്‍ തെറ്റായ വാതില്‍ പ്രവര്‍ത്തിപ്പിച്ചു. ഇത് ഗൊറില്ലയുടെ തലയില്‍ ഇടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. വെറ്ററിനറി ടീം ഉടൻ തന്നെ സിപിആർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ നടപടികൾ കൈക്കൊണ്ടെങ്കിലും ഫലം കണ്ടില്ല.
ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറം വേദനയുള്ള സംഭവമാണ് ഉണ്ടായതെന്ന് മൃഗശാല അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഇയാരെ’യുടെ സാന്നിധ്യം എപ്പോഴും സന്തോഷം നല്‍കുന്നതായിരുന്നു. എല്ലാവരും അവളെ വല്ലാതെ മിസ് ചെയ്യും. ഭാവിയില്‍ ഇത്തരം സംഭവങ്ങൾ തടയാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. അപകടത്തിന് കാരണക്കാരനായ ജീവനക്കാരനെ സ്ഥലം മാറ്റി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാർക്ക് പരിശീലനം നല്‍കുമെന്നും ഹൈഡ്രോളിക് വാതിലുകൾക്ക് സുരക്ഷിതമായ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും മൃഗശാല അറിയിച്ചു.
സംഭവത്തില്‍ ‘അനിമൽ ജസ്റ്റിസ്’ എന്ന സംഘടന സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് മൃഗശാലകളെ അപേക്ഷിച്ച് കാൽഗറിയിൽ മൃഗങ്ങളുടെ മരണനിരക്ക് കൂടുതലാണെന്നാണ് സംഘടനയുടെ ആരോപണം. മൃഗശാല ഈ വാദം നിഷേധിച്ചു.
മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് മൃഗശാലയുടെ നിലപാട്. വീടെന്നാണ് അവര്‍ മൃഗശാലയെ വിശേഷിപ്പിച്ചത്. നൂറിലധികം സ്പീഷിസുകളില്‍പ്പെട്ട നാലായിരത്തിലധികം മൃഗങ്ങള്‍ ഇവിടെയുണ്ടെന്നും അവരെ ഞങ്ങള്‍ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും പറഞ്ഞു. മനുഷ്യന്‍റെ പിഴവ് മൂലമുണ്ടാകുന്ന മൃഗങ്ങളുടെ മരണങ്ങൾ അപൂർവമാണ്. 10 വർഷത്തിനിടെ ഇത്തരം രണ്ട് നഷ്ടങ്ങളാണ് തങ്ങള്‍ക്കുണ്ടായതെന്നും മൃഗശാല വക്താവ് പ്രതികരിച്ചു.