കെനിയന്‍ തീരത്ത് തകര്‍ന്നടിഞ്ഞ നിലയില്‍ കണ്ടെത്തിയ കപ്പല്‍ പ്രശസ്ത പോര്‍ച്ചുഗീസ് നാവികന്‍ വാസ്കോ ഡി ഗാമയുടേതെന്ന് സംശയം. ഗാമ അവസാനമായി സഞ്ചരിച്ച കപ്പലായ 'സവൂ ജോര്‍ജാ'ണിതെന്നാണ് പുരാവസ്തുഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
2013 ലാണ് കെനിയന്‍ തീരത്ത് കപ്പല്‍ അടിഞ്ഞത്. 'സവൂ ജോര്‍ജെ'ന്ന കപ്പല്‍ ഗാമ മലേറിയ പിടിപെട്ട് മരിച്ച 1524ലാണ് ചേതം വന്നതും. കെനിയന്‍ പട്ടണമായ മലിന്ദിക്കടുത്തായാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് 'ജേണല്‍ ഓഫ് മാരിടൈം ആര്‍ക്കിയോളജി'യില്‍ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഈ കണ്ടെത്തല്‍ ശരിയെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പഴക്കമേറിയ യൂറോപ്യന്‍ കപ്പലിന്‍റെ അവശിഷ്ടങ്ങളാകും ഇതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
1497ലാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പില്‍ നിന്നും വാസ്കോ ഡി ഗാമ ഇന്ത്യന്‍ സമുദ്രത്തിലേക്ക് യാത്ര ചെയ്തത്. ഗാമയുടെ വരവ് വിജയം കണ്ടതോടെ 1513 ആയപ്പോള്‍ യുദ്ധത്തിനും ഇന്ത്യന്‍– പസഫിക് സമുദ്രങ്ങളില്‍ യാത്ര ചെയ്യാനും പാകത്തിലുള്ള കപ്പലുകള്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിക്കാന്‍ തുടങ്ങി. ഇത്തരം കപ്പലുകള്‍ വളരെ വേഗത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വീകാര്യത ലഭിച്ചത്. ഇതോടെ നാവിക രംഗത്ത് വലിയ കുതിച്ചുചാട്ടവും പ്രകടമായി. ക്യാപ്റ്റന്‍ ഫെര്‍ണാണ്ടോ ഡി മോണ്‍റോയുടെ നേതൃത്വത്തില്‍ 500 വര്‍ഷം മുന്‍പ് പോര്‍ച്ചുഗലില്‍ നിന്നും പുറപ്പെട്ട 'സവൂ ജോര്‍ജും' അത്തരത്തിലൊരു കപ്പലായിരുന്നു.
നിലവില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിന്ന് കപ്പലിന്‍റെ ഉദ്ഭവം കണ്ടെത്താനുതകുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. കെനിയന്‍ തീരത്ത് വെറും ആറ് മീറ്റര്‍ മാത്രം ആഴത്തിലാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ നിലവില്‍ കിടക്കുന്നത്. നാട്ടുകാരാണ് കപ്പലിന്‍റെ അവശിഷ്ടങ്ങളെ കൂടുതല്‍ നാശത്തില്‍ നിന്നും സംരക്ഷിച്ചത്.
1544 ല്‍ കെനിയന്‍ തീരത്ത് രണ്ട് പോര്‍ച്ചുഗീസ് കപ്പലുകള്‍ക്കാണ് ചേതം വന്നതെന്നാണ് ചരിത്രം പറയുന്നത്. ഒന്ന് സവൂ ജോര്‍ജും മറ്റൊന്ന് 'നൊസ സെന്‍ഹോറ ഡി ഗാര്‍സ്യ'യുമാണ്. നിലവില്‍ കണ്ടെത്തിയ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഇതിലേതിന്‍റേതാണെന്നാണ് ഇനി അറിയേണ്ടത്. മലിന്ദി മുതല്‍ റാസ് എന്‍ഗാമനി വരെയുള്ള പവിഴപ്പുറ്റുകളില്‍ വിശദ പഠനം നടത്തിയാല്‍ ഇക്കാര്യത്തിലെ ദുരൂഹത മറനീങ്ങുമെന്നാണ് കരുതുന്നത്. 25 കിലോമീറ്റര്‍ നീളത്തിലാണ് ചരിത്രം മറഞ്ഞിരിക്കുന്ന ഈ പവിഴപ്പുറ്റുള്ളത്. ഗാമയുടെ ബന്ധം സ്ഥിരീകരിക്കാനായാല്‍ അത് ചരിത്രപഠനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.