rani-abbakka

Image: museumoftulunadu.com/

സവിശേഷമായ ചരിത്ര –സാംസ്കാരിക പാരമ്പര്യം പേറുന്നവരാണ് തുളുനാടന്‍ ജനത. കലാരംഗത്തിന് പുറമെ സ്വാതന്ത്ര്യസമരവും കാര്‍ഷിക പോരാട്ടങ്ങളും കടന്നത് ആ പെരുമ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കര്‍ണാടകയിലെ തുളുനാടിന്‍റെ ഒരു ശേഷിപ്പ് ഇങ്ങ് കേരളത്തിലുമുണ്ട്. പഴയകാല തുളുനാടന്‍ ചരിത്രം മഞ്ചേശ്വരം മുതല്‍ ബേക്കല്‍ വരെയുള്ള നാടും പറയുന്നു. അതിര്‍ത്തികള്‍ മായ്ച്ച് കളയുന്ന ഈ തുളുനാടന്‍ സാംസ്കാരിക മഹിമ കുറേക്കൂടി അടുത്തറിയാന്‍ സഹായിക്കുന്നതാണ് മംഗലാപുരത്തെ റാണി അബ്ബക്ക തുളു അധ്യായ കേന്ദ്ര.

റാണി അബ്ബക്ക മ്യൂസിയത്തിന്‍റെ ചുവരുകളിലാകെ ആ പ്രൗഢമായ സാംസ്കാരിക ചരിത്രം ജീവന്‍ തുടിച്ചിരിപ്പുണ്ട്. തുളുനാടിന്‍റെ പെരുമ വിളിച്ചറിയിക്കുന്ന മ്യൂസിയത്തിന് 1995ല്‍ തുക്കാറാം പൂജാരയാണ് തുടക്കമിട്ടത്. നിലവില്‍ ചരിത്രാന്വേഷകര്‍ക്കും ഗവേഷക, പുരാവസ്തു വിദ്യാര്‍ഥികള്‍ക്കും വഴികാട്ടി കൂടിയാണ് ഈ മ്യൂസിയം. 

സഹസ്രാബ്ദത്തിന് മുന്‍പ് തുളുനാട് വാണിരുന്ന ആലൂപ വംശത്തെ കുറിച്ച് വിശദമായ അറിവാണ് ചരിത്രകുതുകികള്‍ക്ക് മ്യൂസിയം പകരുന്നത്. ഭരണകര്‍ത്താക്കള്‍ക്കൊപ്പം സാധാരണക്കാരുടെ ജീവിതം കൂടി മ്യൂസിയത്തിന്‍റെ ചുവരുകളിലുണ്ട്. തുളുനാടന്‍ ഭരണാധികാരി മരിച്ചാല്‍ അന്ന് ഈജിപ്തിലേതു പോലെ മൃതദേഹം സൂക്ഷിച്ചിരുന്നുവെന്നാണ് രേഖകള്‍. ഇത്തരത്തില്‍ മൃതദേഹം ദീര്‍ഘകാലം സൂക്ഷിച്ച് വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന പേടകങ്ങളടക്കം  മ്യൂസിയത്തിലുണ്ട്. മംഗലാപുരത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ബത്​വാളിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 

പക്കീര ഗൗഡയും കടുവക്കഥകളും

ഇടതൂര്‍ന്ന സസ്യലതാദികള്‍ കൊണ്ടും സമ്പന്നമായ ഭൂപ്രകൃതികൊണ്ടും മനോഹരമായിരുന്ന തുളുനാടില്‍ കടുവകള്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് ചരിത്രം പറയുന്നു. കടുവയെ ഭയന്ന് കഴിഞ്ഞിരുന്ന നാട്ടുകാര്‍ക്ക് സ്വൈര്യം പകര്‍ന്ന പക്കീര ഗൗഡയെന്ന കടുവ വേട്ടക്കാരന്‍റെ ചരിത്രം തുളുനാട്ടില്‍ പ്രസിദ്ധമാണ്. 125 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന സുള്ള്യ സ്വദേശിയായ പക്കീര ഗൗഡ ആയിരത്തിലേറെ കടുവകളെ വകവരുത്തിയിട്ടുണ്ടെന്നാണ് അക്കഥ. 40 കടുവകളെ വക വരുത്തുന്ന വീരനെ ആദരിക്കുന്നതിനായി 'ഹൂളി മാദുവേ'യെന്ന പ്രത്യേക ചടങ്ങ് അന്ന് തുളുനാട്ടില്‍ നടത്തിവന്നിരുന്നു. കടുവ വേട്ട 40 ല്‍ എത്തുമ്പോള്‍ വീരശൂര പരാക്രമിയായ വേട്ടക്കാരനെ വരനെപ്പോലെ അണിയിച്ചൊരുക്കി ഒടുവില്‍ വകവരുത്തിയ കടുവയുടെ ജഡവുമേന്തി തുളുനാട്ടുകാര്‍ വന്‍ ഘോഷയാത്രയായി നാടാകെ കൊണ്ടുനടക്കും. അയാള്‍ പിന്നീട് തുളുനാടിന്‍റെ വീരനായി മാറും. ഇത്തരത്തില്‍ 48 ലേറെ ഹുളീ മാദുവ അംഗീകാരങ്ങള്‍ പക്കീര ഗൗഡയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ലിഖിതങ്ങളില്‍ പറയുന്നു. 

റാണി അബ്ബക്കയുടെ ചരിത്രം, തുളുനാടിന്‍റെയും

പറങ്കിപ്പടയ്ക്കെതിരെ ധീരപോരാട്ടം നടത്തിയ ഉശിരന്‍ വനിതയായിരുന്നു ഉള്ളാളിന്‍റെ റാണി അബ്ബക്ക. യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും അതിനിപുണ. പലതരത്തിലെ അടവുമായി തുളുനാട്ടിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പാണ് റാണി അബ്ബക്ക പുറത്തെടുത്തത്. 1555 ല്‍ പറങ്കിപ്പടയെ തോല്‍പ്പിച്ച ചരിത്രവും അബ്ബയ്ക്കുണ്ട്. ഭര്‍ത്താവിന്‍റെ ചതിയില്‍പ്പെട്ടാണ് ഒടുവില്‍ അബ്ബക്ക പോര്‍ച്ചുഗീസുകാരുടെ പിടിയില്‍ അകപ്പെടുന്നത്. റാണി അബ്ബക്കയുടെ ജീവിതവും പോരാട്ടവും തുളുനാടന്‍ മണ്‍തരികള്‍ക്ക് പോലും ഇന്നും ആവേശമാണെന്ന് മ്യൂസിയത്തിലെ ശേഖരങ്ങള്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Tulunadan museum reveals the cultural heritage of Tulu people and their land. The museum houses artefacts that shine a light on many past traditions and daily lives of people of Tulunadu.