യുഎസ് പ്രസിഡന്‍റായി ഡോനള്‍ഡ് ട്രംപ് വീണ്ടും സ്ഥാനം ഏല്‍ക്കുന്നതോടെ ഹാരി രാജകുമാരന്‍റെ ഭാവി എന്താകുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കാരണം എന്താണെന്നല്ലേ? ഹാരി രാജകുമാരന്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് അറിയാം.
വൈറ്റ് ഹൗസിലേക്ക് ട്രംപ് തിരിച്ചെത്തിയതോടെ , ഇനി ഹാരി രാജകുമാരന്‍റെ ഭാവി എന്താകും? ഈ ചോദ്യം ഒരുപക്ഷെ നിങ്ങളുടെ മനസ്സില്‍ ആശങ്ക ജനിപ്പിച്ചേക്കാം. പക്ഷെ, വാസ്തവത്തില്‍ ട്രംപിന്റെ വരവോടെ ഈ ചോദ്യത്തിന് പ്രസക്തി ഏറെയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍, ഒരു രാഷ്ട്രീയ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ, പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹാരി രാജകുമാരന്‍റെ യുഎസ് റസിഡന്‍സി അപകടത്തിലാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു.
ഹാരി രാജകുമാരന്‍ രാഞ്ജിയെ ഒറ്റിക്കൊടുത്തെന്ന് പറഞ്ഞ ഡോണള്‍ഡ് ട്രംപ് അത്തരം പ്രവൃത്തി ഒരിക്കലും ക്ഷമിക്കാനാവില്ലന്നും കൂട്ടിച്ചേര്‍ത്തു. ഇമിഗ്രേഷന്‍ പദവി സംബന്ധിച്ച് ഹാരി രാജകുമാരന് പ്രത്യേക സംരക്ഷണം നല്‍കില്ലെന്ന് ട്രംപ് പറയാതെ പറഞ്ഞെന്ന് ചുരുക്കം.
ചാള്‍സ് രാജാവിന്‍റെയും ഡയാനുടെയും ഇളയ മകനായ ഹാരി തന്‍റെ ഒാര്‍മ്മക്കുറിപ്പില്‍, കൊക്കെയ്ന്‍, കഞ്ചാവ്, സൈക്കഡെലിക്സ് എന്നി ലഹരികള്‍ ഉപയോഗിച്ചിരുന്നയായി ഒരിക്കല്‍ വെളുപ്പെടുത്തിയിരുന്നു. യുഎസ് ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് മയക്കുമരുന്ന് ഉപയോഗത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തികളെ അസ്വീകാര്യരായി കണക്കാക്കാം.
ഇപ്പോള്‍ ഹാരി രാജകുമാരന്‍റെ വിസ അപേക്ഷയുടെ കൃത്യതയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ ചുമതലകളില്‍ നിന്ന് വിട്ടു നിന്നതും അമേരിക്കയിലേക്കുള്ള അവരുടെ കൂടുമാറ്റവും ട്രംപിന്‍റെ അതൃപ്തിക്ക് ഇടയാക്കി. ഹാരിയും കുടുംബവും ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് താമസം. ട്രംപ് അധികാരമേല്‍ക്കുന്നതോടെ രാജകുമാരന് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ ഇല്ലയോ എന്ന ചോദ്യമാണ് ഇനി ബാക്കിയാകുന്നത്.