തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നിയുക്ത പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ആദ്യമായി വൈറ്റ്ഹൗസിലെത്തി. വെല്‍കം ബാക് എന്നു പറഞ്ഞാണ് ജോ ബൈഡന്‍ ഡോണല്‍ഡ് ട്രംപിനെ വൈറ്റ്ഹൗസിലേക്ക് സ്വീകരിച്ചത്. ജനുവരിയില്‍ സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പു നല്‍കി. തിരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേൽക്കും.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ബൈഡനും ട്രംപും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു നടന്നത്. ‘ജനുവരിയില്‍ സുഗമമായ അധികാരകൈമാറ്റം ഉണ്ടാകും, കാര്യങ്ങള്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമാകാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യും’ എന്നാണ് ബൈഡന്‍ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞത്. ‘ രാഷ്ട്രീയം കഠിനമാണെന്നും പല കാരണങ്ങള്‍ കൊണ്ടും ഇതൊരു സുഗമമായ ലോകമല്ലെന്നും ട്രംപ് പ്രതികരിച്ചു. യുക്രയിന്‍ റഷ്യ യുദ്ധസാഹചര്യവും പശ്ചിമേഷ്യന്‍ വിഷയങ്ങളും ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചക്കുവന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും ചര്‍ച്ച ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് രണ്ടാമൂഴത്തില്‍ മത്സരിച്ച ഡോണല്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2020ല്‍ ജോ ബൈഡന്‍ പ്രസിഡന്റ് പദത്തിലെത്തിയത്. പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ ബൈഡന് ഓര്‍മക്കുറവും പ്രായാധിക്യവും പലപ്പോഴും വില്ലനായി. ഇത് തന്നെയായിരുന്നു ഇത്തവണ മത്സരരംഗത്തു നിന്നും ബൈഡന് പിന്‍മാറേണ്ടി വന്നതിനും കാരണം. മത്സരരംഗത്ത് ഇരുവരും തമ്മിലുള്ള ആദ്യ സംവാദത്തില്‍ അമ്പേ പരാജയപ്പെട്ട ബൈഡന്‍ കമലാ ഹാരിസിനു മത്സരക്കളം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
റിപ്പബ്ലിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണല്‍ഡ് ട്രംപ് രണ്ടാം തവണയാണ് യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്നത്. ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 226 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടിയിരുന്നത്.