TOPICS COVERED

ദക്ഷിണ കൊറിയയില്‍ അടിയന്തര പട്ടാള നിയമം ഏര്‍‌പ്പെടുത്തി പ്രസിഡന്റ് യൂണ്‍ സുഖ് യോള്‍. പ്രതിപക്ഷം ഉത്തര കൊറിയയുമായി അനുഭാവം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കണമെന്നും പ്രസിഡന്‍റ്  യൂണ്‍ സുഖ് യോള്‍ പറഞ്ഞു. രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് അദ്ദേഹം പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്‍റില്‍ അനുചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും പ്രസി‍ഡന്റ് ആരോപിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ലമെന്‍റ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സൈന്യം വ്യക്തമാക്കി. അസംബ്ലി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

അതേസമയം, തെറ്റായ സമയത്താണ് പട്ടാള നിയമം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കി ഭരണപക്ഷമായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തി.അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്‍സിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയാണ് അടിയന്തര പട്ടാളഭരണം ഏര്‍പ്പെടുത്തിയത്.

ENGLISH SUMMARY:

South Korean president Yoon Suk Yeol declares emergency martial law