രാത്രിയുടെ ഭീകരതയില്‍ വനത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ‘പ്രേത ശബ്ദങ്ങള്‍’! തായ്– മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലെ നിവാസികൾ ഉറങ്ങിയിട്ട് മൂന്നു ദിവസമായി. എന്നാല്‍ ധൈര്യം സംഭരിച്ച് തിരഞ്ഞുചെന്ന അധികൃതര്‍ കൈപിടിച്ചുയര്‍ത്തിയതാകട്ടെ ഒരു ജീവനെയും. പ്രേതകഥകളിലെ ട്വിസ്റ്റിനെ വെല്ലുന്ന ട്വിസ്റ്റ്.
സംഭവത്തെ കുറിച്ച് ഗ്രാമവാസികള്‍ പറയുന്നതിങ്ങനെ... മൂന്ന് ദിവസം മുമ്പാണ് വനത്തിൽ നിന്ന് വിചിത്രമായ ശബ്ദം കേട്ടു തുടങ്ങുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍. ഉയര്‍ന്നു വന്ന നിലവിളി ഗ്രാമത്തെ ഭയത്തിലാഴ്ത്തി. വനത്തിലെ പ്രേതങ്ങളുടെ ശബ്ദമാണെന്ന് വിശ്വസിച്ച് ആളുകള്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാതെയായി. ശബ്ദത്തിന്‍റെ ഉറവിടം തേടിപ്പോകാന്‍ എല്ലാവര്‍ക്കും ഭയമായിരുന്നു.
മൂന്നു ദിവസം ഈ നിലവിളി തുടര്‍ന്നു. പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസും രക്ഷാപ്രവർത്തകരും ഉള്‍വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയതാകട്ടെ കിണറ്റില്‍ ജീവനായി പോരാടുന്ന ഒരു മനുഷ്യനെയും. വനത്തിലെ 12 മീറ്റർ താഴ്ചയുള്ള കിണറ്റിൽ നിന്നാണ് ചൈനക്കാരനായ യുവാവിനെ കണ്ടെത്തിയത്. ഇടതു കൈത്തണ്ടയിൽ പൊട്ടലും ദേഹമാസകലം മുറിവുകളോടെയുമാണ് ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 22 കാരനായ ചൈനക്കാരന്‍ ലിയു ചുവാനിയാണ് കിണറ്റില്‍ കുടുങ്ങിയത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ മൂന്ന് ദിവസമായി ഇയാള്‍ കിണറ്റില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. കുടുങ്ങിയതിന് ശേഷം ഓരോ മണിക്കൂറും കഴിയാവുന്നത്ര ഉച്ചത്തില്‍ ഇയാള്‍ നിലവിളിക്കുകയായിരുന്നു. ആരെങ്കിലുമെത്തി രക്ഷപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഗ്രാമവാസികള്‍ക്ക് ഭാഷ മനസിലായിരുന്നില്ല. ഇതിനാലാണ് ‘പ്രേതത്തിന്‍റെ ശബ്ദ’മായി കരുതിയിരുന്നത്.
നിലവില്‍ ലിയു അപകടനില തരണം ചെയ്തു കഴിഞ്ഞു. വനത്തില്‍ അകപ്പെട്ട ഇയാള്‍ പുറത്തേക്കുള്ള വഴി കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. അതേസമയം ഇയാള്‍ എന്തിനാണ് വനത്തിലെത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തെത്തുടർന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കിണർ മൂടാനുള്ള നടപടികള്‍ അധികൃതർ സ്വീകരിച്ചു കഴിഞ്ഞു.