സ്വന്തം പേരില്‍ വ്യാജ അറസ്റ്റ് വാറണ്ട് നിര്‍മിച്ച് പാരിതോഷികവും പ്രഖ്യാപിച്ച യുവാവ് പിടിയില്‍. ചൈനയിൽ നിന്നുള്ള വാങ് എന്നയാളാണ് 2024 നവംബർ 11ന് സ്വന്തം ചിത്രമടക്കം വ്യാജ വാറണ്ട് നിര്‍മിച്ച് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറലായതിന് പിന്നായെ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സൗത്ത് ചൈന മോണിങ് പോസ്റ്റ് അനുസരിച്ച് ഒരു കുപ്രസിദ്ധ കുറ്റവാളി എന്ന് എഴുതിയാണ് ഇയാള്‍ ‘സ്വന്തം’ വാറണ്ട് തയ്യാറാക്കിയത്. കുറ്റവാളിയാണെന്നു മാത്രമല്ല ചൈനയിലെ അറിയപ്പെടുന്ന നടനും നർത്തകനും ഗായകനുമായ വാങ് യിബോ ആണെന്ന് ഇയാള്‍ അവകാശപ്പെടുകയും ചെയ്തു. 2024 നവംബർ 10ന് ഒരു കമ്പനിയിൽ നിന്ന് 30 മില്യൺ യുവാൻ (ഏകദേശം 4 മില്യൺ ഡോളർ) തട്ടിയെടുത്തതായിട്ടാണ് ഇയാള്‍ വാറണ്ടില്‍ കുറിച്ചത്. പിന്നാലെ ഒരു മെഷീൻ ഗണ്ണും 500 വെടിയുണ്ടകളും കൈവശമുണ്ടെന്നും ഇയാളെ പിടികൂടുന്നവര്‍ക്ക് 30,000 യുവാൻ പാരിതോഷികവും പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളിൽ 350,000 പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് കണ്ടത്. 2,500 ലൈക്കുകളും 1,100-ലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിരുന്നു. സംശയാസ്പദമായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതൊടെ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാറണ്ട് പോസ്റ്റ് ചെയ്ത വാങിനെ മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്തു. അധികൃതർ യുവാവിന്‍റെ വീട്ടില്‍ തിരച്ചിൽ നടത്തിയെങ്കിലും തോക്കുകളോ ആയുധങ്ങളോ കണ്ടെത്താനായില്ല. മാത്രമല്ല വാങ് അവകാശപ്പെടുന്നതുപോലെ ഇയാള്‍ ഏതെങ്കിലും കമ്പനിയില്‍ നിന്ന് പണം തട്ടിയതായി റിപ്പോര്‍ട്ടുകളില്ലെന്നും പൊലീസ് പറഞ്ഞു.
വാങിനെ ചോദ്യം ചെയ്തതില്‍ നിന്ന് ജീവിതത്തിലെ വിരസത ഒഴിവാക്കാന്‍ നിര്‍മിച്ച പോസ്റ്റാണെന്ന് വാങ് സമ്മതിച്ചു. എന്നാല്‍ ഇത്രയധികം പൊതുജന ശ്രദ്ധ പോസ്റ്റിന് ലഭിക്കുമെന്ന് വാങ് കരുതിയിരുന്നില്ല. സംഭവത്തില്‍ വാങിനെ പൊലീസ് നിരീക്ഷണത്തില്‍ വിട്ടിരിക്കുകയാണ്. വാങിന്‍റെ പ്രവര്‍ത്തി ചൂണ്ടിക്കാട്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ആളുകളെ ബോധവല്‍ക്കരിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ക്രിമിനൽ പ്രവൃത്തികളാണെന്നും കിംവദന്തികൾ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആളുകള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.