അധികാരം നഷ്ടപ്പെട്ട സിറിയ പ്രസിഡൻറ് ബഷാര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. ബാഷറിനും കുടുംബത്തിനും മോസ്കോ അഭയം നല്‍കിയതായി റഷ്യന്‍ ഓദ്യോഗിക മാധ്യമം ടാസ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക പരിഗണന വച്ചാണ് അഭയം നല്‍കിയതെന്നാണ് വിശദീകരണം. സമാധാനപരമായ അധികാരക്കൈമാറ്റത്തിന് തയാറാണെന്ന് അസദ് അറിയിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

24 വര്‍ഷം സിറിയ ഭരിച്ച നേതാവാണ് അസദ്. ഭാര്യ അസ്മയും രണ്ടു മക്കളുമൊത്താണ് അദ്ദേഹം  രാജ്യം വിട്ടത്. തലസ്ഥാനമായ ഡമാസ്കസ് കീഴടക്കിയതായി വിമതര്‍ പ്രഖ്യാപിക്കുന്ന സമയം അസദും കുടുംബവും അവിടെ നിന്ന് വിമാനത്തിൽ രക്ഷപ്പെടുകയായിരുന്നു. 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍ അപ്രതീക്ഷമായിരുന്നു. തുടക്കത്തില്‍ അസദിന്റെ ശക്തി കേന്ദ്രമായ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടന്ന് യുടേണ്‍ എടുത്ത് എതിര്‍ ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമായിരുന്നു. അസദ് ഭരണത്തിന്റെ അന്ത്യം ആഘോഷിച്ച് തെരുവിലിറങ്ങിയ ജനം അസദിന്റെ സ്വകാര്യവസതിയില്‍ ഇരച്ചുകയറി സാധനങ്ങള്‍ കൊള്ളയടിച്ചു. സ്വാതന്ത്ര്യപ്രഖ്യാനം നടത്തിയ വിമത സേന ഡമാസ്കസില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ഇന്ത്യ– സിറിയ നയതന്ത്രബന്ധം ഊഷ്മളമായിരിക്കെയാണ് സിറിയയിലെ അധികാരമാറ്റമുണ്ടായിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ പൗരന്‍മാരോട് സിറിയയില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശിച്ച വിദേശകാര്യമന്ത്രാലയം, തുടര്‍നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല. യുദ്ധവും ഭൂകമ്പവും തകര്‍ത്ത സിറിയയ്ക്ക് ‍കാര്യമായ സഹായമാണ് ഇന്ത്യ നല്‍കി വന്നിരുന്നത്. 2015ല്‍ കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ഡമാസ്കസിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം കുറച്ചിരുന്നുവെങ്കിലും പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. 2023ല്‍ അറബ് ലീഗില്‍ സിറിയയെ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തി.  

ഭൂകമ്പം തകര്‍ത്ത സിറിയയ്ക്ക് ഓപ്പറേഷന്‍ ദോസ്തിയുടെ ഭാഗമായി ഇന്ത്യ കയ്യയച്ച് സഹായവും നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അന്നത്തെ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍, ഡമാസ്കസില്‍ പ്രസിഡന്‍റ് അസദുമായി നടത്തിയ കൂടിക്കാഴ്ചയില്‍  വികസന പങ്കാളിത്ത സഹായം, വിദ്യാഭ്യാസം, ശേഷി വികസനം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.  

സിറിയൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കുന്നതിനായി 300 പുതിയ സ്‌കോളർഷിപ്പുകൾ നല്‍കാനും കാൻസർ പ്രതിരോധ മരുന്നുകളടക്കം അയക്കാനും ആ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. എന്നാല്‍ പുതിയ ഭരണകൂടത്തെ നയിക്കുന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള എച്ച്ടിഎസുമായുള്ള ഇന്ത്യന്‍ നയതന്ത്ര ബന്ധം എങ്ങനെയാവുമെന്ന് വ്യക്തമല്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.

ENGLISH SUMMARY:

Syria's deposed president Bashar al-Assad and his family have been given asylum in Russia, following their departure from Syria as Islamist-led opposition forces advanced into Damascus, according to reports from Russian News agencies on Sunday evening.