ദക്ഷിണ കൊറിയയിലെ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 179 ആയി. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ മാത്രമാണ് രക്ഷപെടുത്താന്‍ സാധിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടം നടക്കുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ ബന്ധുവിന് അയച്ച മെസേജാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ ചിറകില്‍ ഒരു പറവ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് ഒരാള്‍ ബന്ധുവിന് സന്ദേശം അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ന്യൂസ് വണ്‍ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. 'ഞാന്‍ അവസാനമായി പറയട്ടെ ?' എന്ന് ആരംഭിക്കുന്ന സന്ദേശമാണ് യാത്രക്കാരന്‍ ബന്ധുവിന് അയച്ചത്. അപകടത്തില്‍ വിമാനകമ്പനിയായ ജെജു മാപ്പ് പറഞ്ഞിരുന്നു.
പടിഞ്ഞാറന്‍ പ്രവിശ്യയിലെ മുആന്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നിരുന്നു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണ്.
വിമാനത്തിന്‍റെ പിന്‍ഭാഗത്തുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് രക്ഷപെട്ടത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ജീജു എയറിന്റെ ബോയിങ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബാങ്കോക്കില്‍ നിന്ന് വരികയായിരുന്നു വിമാനം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. വിമാനത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നതും, തീപടിച്ച് തകരുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.