മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്‍റിന്‍റെ അനുമതി. യമനിലെ ജയിലിലുള്ള നിമിഷയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പാക്കിയേക്കും. യമന്‍ പൗരനെ കൊലപ്പെടുത്തി എന്നതാണ് കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ അമ്മ ഇപ്പോഴും യമനില്‍ തുടരുകയാണ്.
അതേസമയം, നിമിഷയെ മോചിപ്പിക്കാന്‍ എംബസി തലത്തിലടക്കം ഒരുപാട് ശ്രമിച്ചെന്ന് നെന്മാറ എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു. ദയാധനത്തിനായി കുറച്ച് തുക വരെ പിരിച്ചിരുന്നുവെന്നും കെ.ബാബു എം.എല്‍.എ പ്രതികരിച്ചു. നിമിഷയെ മോചിപ്പിക്കാമെന്ന് ഇനിയും പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി പ്രതിനിധി ദീപ ജോസഫ് പറഞ്ഞു. യമന്‍ പൗരന്‍റെ കുടുംബം മാപ്പ് നല്‍കിയാല്‍ മോചനം സാധ്യമാകും. ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് യമന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ തുടരുകയാണെന്നും ദീപ ജോസഫ് പ്രതികരിച്ചു.
2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. 2020ലാണ് കേസില്‍ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നാലെ വിധിക്കെതിരെ നിമിഷപ്രിയ അപ്പീലിന് പോയി. എന്നാല്‍ 2022ല്‍ അപ്പീല്‍ തള്ളുകയും 2023ല്‍ പരമോന്നത കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.