ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്യും. ഇതിനായി അന്വേഷണസംഘം നല്‍കിയ അപേക്ഷ വെസ്റ്റേണ്‍ സോള്‍ ജില്ലാ കോടതി അംഗീകരിച്ചു. ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റിങ് പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നത്. ഉന്നതനേതാക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (സി.ഐ.ഒ) കോടതി ഉത്തരവ് ലഭിച്ച കാര്യം സ്ഥിരീകരിച്ചു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ യൂൻ സുക് യോലിനെ ദക്ഷിണകൊറിയന്‍ പാര്‍ലമെന്‍റ് ഇംപീച്ച് ചെയ്തിരുന്നു.
ഏതാനും ക്രിമിനല്‍ കുറ്റങ്ങളില്‍ മാത്രമാണ് ദക്ഷിണകൊറിയയില്‍ പ്രസിഡന്റിന് സംരക്ഷണം ഇല്ലാത്തത്. ഇതിലൊന്നാണ് വിപ്ലവത്തിന് ശ്രമിക്കല്‍. ഈ കുറ്റം ചുമത്തിയാണ് യൂൻ സുക് യോലിനെതിരായ അന്വേഷണവും അറസ്റ്റ് വാറന്‍റും. വാറന്‍റിന്‍റെ സാധുത ഭരണഘടനാകോടതിയില്‍ ചോദ്യംചെയ്യുമെന്ന് പ്രസിഡന്‍റിന്‍റെ അഭിഭാഷകര്‍ അറിയിച്ചു. ജനുവരി 6 വരെയാണ് വാറന്‍റിന്‍റെ കാലാവധി. ഇതനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം 48 മണിക്കൂര്‍ പ്രസിഡന്റിന്‍റെ കസ്റ്റഡിയില്‍ വയ്ക്കാന്‍ അന്വേഷണസംഘത്തിന് കഴിയും. തുടര്‍ന്ന് കസ്റ്റഡി നീട്ടാനും അപേക്ഷ നല്‍കാം. അറസ്റ്റ് ചെയ്താല്‍ പ്രസിഡന്റിന്‍റെ സോള്‍ ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് കൊണ്ടുപോകും.
പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതി പരിശോധിക്കാനും കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ യൂൻ സുക് യോലിന്‍റെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയ പൊലീസിനെ പ്രസിഡന്റിന്‍റെ സുരക്ഷാസേന തടഞ്ഞിരുന്നു. അറസ്റ്റ് വാറന്‍റിനോട് നിയമാനുസൃതം പ്രതികരിക്കുമെന്ന് പ്രസിഡന്റിന്‍റെ സുരക്ഷാസേന അറിയിച്ചു. പട്ടാളനിയമം നടപ്പാക്കിയ കേസില്‍ യൂൻ സുക് യോലിനൊപ്പം മുന്‍പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍, ഡിഫന്‍സ് കൗണ്ടര്‍ ഇന്‍റലിജന്‍സ് കമാന്‍ഡ് മേധാവി യോ ഇന്‍–ഹ്യുങ്, ക്യാപ്പിറ്റല്‍ ഡിഫന്‍സ് കമാന്‍ഡ് മേധാവി ലീ ജിന്‍ വൂ എന്നിവരും വിചാരണ നേരിടുന്നുണ്ട്.
പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതോടെ ദക്ഷിണകൊറിയയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൂടുതല്‍ രൂക്ഷമായി. യൂൻ സുക് യോലിനെ ഇംപീച് ചെയ്തപ്പോള്‍ ആക്ടിങ് പ്രസിഡന്റായ പ്രധാനമന്ത്രി ഹാൻ ഡക്സുവിനെയും പാര്‍ലമെന്‍റ് ഇംപീച് ചെയ്തിരുന്നു. ഇതോടെ ധനമന്ത്രി ചോയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റായി. ഇതിനിടെയാണ് മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തമുണ്ടായത്. 179 പേര്‍ കൊല്ലപ്പെട്ട വിമാനദുരന്തം കൈകാര്യം ചെയ്യുന്നതിനിടെയാണ് ആക്ടിങ് പ്രസിഡന്‍റിന് കടുത്ത രാഷ്ട്രീയപ്രതിസന്ധി കൂടി നേരിടേണ്ടിവരുന്നത്.
രാജ്യം ഒറ്റക്കെട്ടായിരിക്കണമെന്നും സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ആക്ടിങ് പ്രസിഡന്റ് ചോയ് സാങ് മോക്ക് പുതുവല്‍സര സന്ദേശത്തില്‍ കൊറിയന്‍ ജനതയോട് അഭ്യര്‍ഥിച്ചു. രാജ്യം അതീവഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. പ്രതിരോധ, നയതന്ത്രമേഖലകളിലും സാമ്പത്തിക, സാമൂഹിക രംഗങ്ങളിലും സുസ്ഥിരമായ നയങ്ങളും നടപടികളുമായി മുന്നോട്ടുപോകും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും സാമൂഹ്യസംഘടനകളുമായും നേതാക്കളുമായും വിശദമായ ആശയവിനിമയം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.