മുഖം മുഴുവന്‍ മൂടുന്ന ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്വിറ്റസര്‍ലന്‍ഡ് സര്‍ക്കാര്‍. 2025 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. നിയമം പാലിച്ചില്ലെങ്കില്‍ 1144 സ്വിസ് ഫ്രാങ്ക് പിഴ ചുമത്തും. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേര്‍ ഇതിനോടകം രംഗത്തെത്തി.മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് മുസ്ലിം സ്ത്രീകള്‍ ആയത് കൊണ്ട് നിയമം ഇസ്ലാം വിരുദ്ധമാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ ഇത് സുരക്ഷ മുന്‍ കരുതിയാണെന്നും ഇതില്‍ മതം കാണേണ്ടതില്ല എന്നുമാണ് മറുഭാഗത്തിന്‍റെ വാദം.
എന്താണ് ബുര്‍ഖ നിരോധന നിയമം??
പൊതുവിടങ്ങളില്‍ മൂക്ക്, കണ്ണ്, വായ തുടങ്ങിയവ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കരുത് എന്നാണ് നിയമം പറയുന്നത്.എന്നാല്‍ ആരോഗ്യപരമായകാര്യങ്ങള്‍ക്കായി മുഖം മറയ്ക്കുന്നതിനും മാസ്ക് ധരിക്കുന്നതിനും അനുവാദമുണ്ട്. കൂടാതെ ആചാരത്തിന്‍റെ ഭാഗമായോ സിനിമ, സീരിയല്‍, പരസ്യചിത്ര ഷൂട്ടിങ്ങുകളിലോ ഇത്തരം വസ്ത്രം ധരിക്കുന്നതിന് വിലക്കില്ല.
നിയമം പ്രാബല്യത്തില്‍ വന്നത് എങ്ങനെ?
തീവ്രവാദത്തെ അകറ്റൂ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ വലതുപക്ഷ പാര്‍ട്ടിയായ എസ്.വി.പിയാണ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കുവേണമെന്ന ആവശ്യവുമായി ആദ്യമായി രംഗത്ത് വന്നത്. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു. രാജ്യത്തെ പൗരന്‍മാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്ര കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഭരണകൂടത്തിന് ഇടപെടാനാകില്ല എന്നായിരുന്നു അന്ന് സര്‍ക്കാരിന്‍റെ നിലപാട്. പിന്നീട് 2023 സെപ്റ്റംബറില്‍ പാര്‍മെന്‍റ് നിയമം പാസാക്കി. 2024ഓടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 ജനുവരി ഒന്നോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.
ജര്‍മനിയിലെ ലുസേണ്‍ സര്‍വകലാശാലയിലെ പഠനങ്ങള്‍ പ്രകാരം സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ആരും തന്നെ ഉപയോഗിക്കുന്നില്ല. എന്നാല്‍ 30 സ്ത്രീകള്‍ കണ്ണുമാത്രം വെളിയില്‍ കാണത്തക്ക തരത്തിലുള്ള വസ്ത്രം ധരിക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ മൊത്തം ജനസംഖ്യയായ 8.6 മില്ല്യണില്‍ വെറും 5 % മാത്രമാണ് മുസ്ലിംങ്ങള്‍ ഉള്ളത്. മുസ്ലും സംഘടനകളും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളും നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.