ഗ്രീക്ക് ഐലന്‍ഡിലെ ട്രക്കിങ്ങിനിടെ 164 അടി താഴ്ചയിലേക്ക് കാല്‍വഴുതിവീണ് ഗര്‍ഭിണി മരിച്ചു. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ അധ്യാപികയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 33കാരിയായ ക്ലാര തൊമാന്‍ എന്ന അധ്യാപികയാണ് ഭര്‍ത്താവിനൊപ്പം ട്രക്കിങ് നടത്തുന്നതിനിടെ വീണുമരിച്ചത്.ഡിസംബര്‍ 23നായിരുന്നു സംഭവം.
ഗ്രീക്ക് ഐലന്‍ഡിലെ പ്രിവേലി മൊണാസ്റ്ററിക്ക് സമീപമാണ് അപകടമുണ്ടായത്. ആറുമാസം ഗര്‍ഭിണി ആയിരുന്നു ക്ലാര. അപകടം നടന്നയുടനെ ഭര്‍ത്താവ് അധികൃതരെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്ലാരയെ കണ്ടെത്താനായത്. നെഞ്ചിലും തലയിലും ഗുരുതരമായി പരുക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡിസംബര്‍ 29ന് മരണത്തിനു കീഴടങ്ങി. വീഴ്ചയില്‍ തന്നെ ഗര്‍ഭസ്ഥശിശു മരിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ക്ലാരയുടെ കരളും കിഡ്നിയും കോര്‍ണിയയും ഉള്‍പ്പെടെയുള്ള അവയവം ദാനം ചെയ്യാന്‍ തീരുമാനിച്ചതായി കുടുംബം അറിയിച്ചു.
ജനുവരി മൂന്നിനായിരുന്നു ക്ലാരയുടെ സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്. ഭര്‍ത്താവ് എല്യട്ട് ഫിന്നിനൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിച്ച തുര്‍ക്കിയിലും ഗ്രീസിലുമായി ക്ലാരയുെട ചിതാഭസ്മം നിക്ഷേപിക്കാനും കുടുംബം തീരുമാനിച്ചു. കുട്ടികളെയും അധ്യാപനത്തെയും അങ്ങേയറ്റം സ്നേഹിച്ച വ്യക്തിയായിരുന്നു ക്ലാരയെന്ന് ഡോസ് പ്യൂബ്ലോസ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ അനുസ്മരിച്ചു. കുടുംബത്തിന്റെ തീരാദുഖത്തില്‍ പങ്കുചേരുന്നുവെന്നും സ്കൂളില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.