image: facebook.com/ingeniousyardcarddesigns

വിവാഹാഭ്യാര്‍ഥന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി.യുഎസിലെ ന്യൂജഴ്സിയിലാണ് സംഭവം. ജോസ് മെലോ (ഡിജെ മെലോ)യെന്ന 52കാരനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നകീത് ജേഡിക്സെന്ന 31കാരിയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 30നാണ് സംഭവമുണ്ടായതെന്ന് പൊലീസ്  പറയുന്നു.

നൈറ്റ്ക്ലബില്‍ വച്ചായിരുന്നു ഡിജെ മെലോ നകീതിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ക്ലബില്‍ വച്ച് വിവാഹാഭ്യര്‍ഥന സ്വീകരിച്ച നകീത് വീട്ടിലെത്തിയപ്പോള്‍ ഇതേച്ചൊല്ലി തര്‍ക്കമായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നും സുഹൃത്തുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രതി ലൈംഗിക കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2010 ല്‍ ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ അറസ്റ്റിലായിരുന്നു. 

നകീതിനെ കൊല്ലുന്നതിന് തലേദിവസം ഡിജെ മെലോ എന്നറിയപ്പെടുന്ന ജോസ് ഫെയ്സ്ബുക്കിലാണ് പ്രപോസല്‍ വിഡിയോ പങ്കുവച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായി വിവാഹാഭ്യര്‍ഥന എത്തിയതോടെ നകീത് അമ്പരന്ന് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. പിന്നാലെ നകീത് ജോസ് നല്‍കിയ മോതിരം സ്വീകരിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. ഐ ലവ്​ യൂ എന്നെഴുതിയാണ് മെലോ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. 

നകീതിന്‍റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ നടുക്കത്തിലാണ് കുടുംബം. വളരെയധികം വിശ്വസിച്ച ഒരാളാണ് നകീതിനെ വകവരുത്തിയതെന്നും ഞെട്ടല്‍ മാറുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചതായി ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നകീതിന് രണ്ട് പെണ്‍മക്കളാണുള്ളത്. ഇവരുടെ വിദ്യാഭ്യാസത്തിനും മറ്റുമായി കുടുംബം ഗോ ഫണ്ട് മീ പേജും തുടങ്ങി. മാതാപിതാക്കളെ രണ്ടുപേരെയും നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ ഭാവിയൊരുക്കാന്‍ സഹായിക്കണമെന്നാണ് പേജിലെ കുറിപ്പില്‍ നകീതിന്‍റെ ബന്ധു മല്‍ഡൊനാഡോ കുറിച്ചത്. ഇതുവരെ 27,721 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത് നകീതിന്‍റെ സംസ്കാരച്ചെലവുകള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്നും കുടുംബം അറിയിച്ചു. 

ENGLISH SUMMARY:

A 52-year-old U.S. man has been accused of stabbing his fiancee to death a day after he publically proposed to her in a video shared on social media.