മിക്കയാളുകള്‍ക്കും ഇഷ്ടമുള്ളൊരു മീനാണ് ചൂര. എപ്പോഴും ലഭ്യമാകുന്ന മീനായതിനാല്‍ വലിയ വിലയും മീനിന് ഈടാക്കാറില്ല. എന്നാല്‍ ജപ്പാനില്‍ കഴിഞ്ഞ ഇടയ്ക്ക് ഒരു ചൂര വിറ്റുപോയത് റെക്കോര്‍ഡ് വിലയ്ക്കാണ്. 276 കിലോ ഭാരമുള്ള മീനിന് 11 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
ഒരു മോട്ടോർബൈക്കിന്റെ വലുപ്പവും ഭാരവും ഉണ്ടായിരുന്ന മത്സ്യത്തെ, അമോറിയുടെ വടക്കുകിഴക്കൻ പ്രിഫെക്ചറിലെ ഒമാ തീരത്ത് നിന്നാണ് പിടികൂടിയത്. ടോക്കിയോ നഗരത്തിലെ ടൊയോസു മാർക്കറ്റിൽ നടന്ന ലേലത്തില്‍, ജനപ്രിയ റെസ്റ്റോറൻ്റായ ഒനോഡെറ ഗ്രൂപ്പ്, ഈ ട്യൂണയ്ക്കായി 207 ദശലക്ഷം യെൻ ( 11 കോടി രൂപ) നൽകി.
ജനുവരി 5 ന് നടന്ന വാർഷിക പുതുവത്സര ലേലത്തിലാണ് ഇത്രയും വിലയ്ക്ക് ഈയൊരു ചൂര വിറ്റത്. ബ്ലൂഫിൻ വിഭാഗത്തില്‍പ്പെട്ട ഈ ട്യൂണ ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങള്‍ ജപ്പാനിലുട നീളമുള്ള മിഷെലിൻ സ്റ്റാർ ജിൻസ ഒനോഡെറ റെസ്റ്റോറൻ്റുകളിലും നദമാൻ റെസ്റ്റോറൻ്റുകളിലും വിളമ്പുമെന്ന് ഒനോഡെറ ഗ്രൂപ്പ് അറിയിച്ചു.
ജപ്പാനീസുകാരും ചൂരയുമായി മറ്റൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. ട്യൂണ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ട്യൂണ കഴിക്കുന്ന ആളുകള്‍ക്ക് അടുത്ത വര്‍ഷം മികച്ചതായിരിക്കും എന്നാണ് ഇവര്‍ കരുതുന്നത്.
40 വർഷം വരെ ജീവിക്കാൻ കഴിയുന്ന ട്യൂണയുടെ ഏറ്റവും വലിയ ഇനമാണ് ബ്ലൂഫിൻ. ബ്ലൂഫിൻ ട്യൂണകള്‍ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കുന്നു. അറ്റ്ലാൻ്റിക്, പസഫിക്, സതേണ്‍ എന്നിങ്ങനെ മൂന്ന് തരം ബ്ലൂഫിനുകൾ ഉണ്ട്. ഇവയില്‍ ഏറ്റവും വലുതും വംശനാശഭീഷണി നേരിടുന്നതുമാണ് അറ്റ്ലാൻ്റിക് ബ്ലൂഫിൻ ട്യൂണ. സുഷി, സാഷിമി തുടങ്ങിയ വിഭവങ്ങള്‍ക്കായി ബ്ലൂഫിൻ ട്യൂണ ഉപയോഗിക്കുന്നു.
ഇതാദ്യമായല്ല, ഇത്രയും വലിയ തുകയില്‍ ചൂര വിറ്റുപോകുന്നത്. ഇതിനു മുന്‍പ് 2019ല്‍ നടന്ന ലേലത്തിൽ 18 കോടിയിലധികം രൂപയ്ക്ക് ട്യൂണ ലേലത്തില്‍ പോയിരുന്നു. ഇതിന് 278 കിലോഗ്രാമായിരുന്നു ഭാരം. ജപ്പാനിലെ സുഷി സൻമായ് റെസ്റ്റോറൻ്റ് ശൃംഖലയുടെ ഉടമസ്ഥനായ, കിയോഷി കിമുറഎന്ന പ്രശസ്തനായ വ്യക്തിയാണ് ഈ ട്യൂണയെ പണം നൽകി വാങ്ങിയത്. ഇദ്ദേഹം 'ട്യൂണ കിംഗ്' എന്നും അറിയപ്പെടുന്നു.