ഒരു പണിയും എടുക്കാതെ കാശ് സമ്പാദിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നവരാണ് മനുഷ്യര്‍. അത്തരത്തില്‍ വെറുതെയിരുന്ന് പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇങ്ങനെ വെറുതെ ഇരുന്ന് പണം സമ്പാദിക്കുന്നൊരു യുവാവ് ജപ്പാനിലുണ്ട്. ഷോജി മൊറിമോട്ടോ എന്ന 41 കാരനാണ് ഇത്തരത്തില്‍ വെറുതെയിരുന്ന് പണം സമ്പാദിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം അദ്ദേഹം സമ്പാദിച്ചത് ഒന്നും രണ്ടുമൊന്നുമല്ല, 69 ലക്ഷം രൂപയാണ്.
ജോലി ചെയ്യാതെ എങ്ങനെ ഇത്രയും പണം സമ്പാദിച്ചുവെന്നാെരു സംശയം വരുന്നത് സ്വഭാവികമാണ്. ഷോജി ചെറിയ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ക്ക് കമ്പനി നല്‍ക്കുക, ഇത്തരം ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ക്കൊപ്പം ചായ കുടിക്കാന്‍ പോവുക, അവര്‍ തങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും പങ്കുവെയ്ക്കുമ്പോള്‍ മൊറിമോട്ടോ അത് ക്ഷമയോടെ കേട്ടുനില്‍ക്കും. ചെറിയ ഉത്തരങ്ങളിലൂടെ അവര്‍ക്ക് മറുപടിയും നല്‍കും. ഇതിന് അവര്‍ പ്രതിഫലം നല്‍ക്കുകയും ചെയ്യും.
ഏകാന്തതയുള്ളവരുടെ കൂടെ മാത്രമല്ല, മാരത്തണ്‍ ഓട്ടക്കാര്‍ക്ക് പിന്തുണ നല്‍കി ഫിനിഷിങ് ലൈനില്‍ കാത്തുനില്‍ക്കുക, മുറി വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്നവര്‍ക്ക് വിഡിയോ കോള്‍ വിളിച്ച് കമ്പനി നല്‍ക്കുക എന്നിവയും ഷോജിയുടെ ജോലിയില്‍ ഉള്‍പ്പെടുന്നവയാണ്. സിനിമയ്ക്കോ മറ്റോ പോകാമെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാരണത്താല്‍ പോകാന്‍ വരാതെ പറ്റുന്നവരുടെ പകരമായും ഈ യുവാവ് പോകാന്‍ തയാറാണ്. ഇങ്ങനെ പോകുന്ന അവസരത്തില്‍ അപരിചിതരോടൊപ്പം ക്യൂ നില്‍ക്കുക, ടിക്കറ്റെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഷോജിയാണ്.
കടുത്ത വെയിലില്‍ ക്യൂ നില്‍ക്കുക, തണുപ്പില്‍ മണിക്കൂറുകളോളം നില്‍ക്കുക, അപരിചിതര്‍ മാത്രമുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുക, വലിയ സദസിന് മുന്നില്‍ സ്റ്റേജില്‍ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നില്‍ക്കുക തുടങ്ങിയ കാര്യങ്ങളും ജോലിയുടെ ഭാഗമായി ചെയ്യാറുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1000 ലധികം അഭ്യര്‍ഥനകളാണ് ഒരു വര്‍ഷം ഇദ്ദേഹത്തിനു വരാറുള്ളത്. രണ്ട് മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരേയുള്ള സെഷനില്‍ 5000 രൂപ മുതല്‍ 43,000 രൂപ വരെയാണ് ഫീസ്.
2018-ലാണ് മൊറിമോട്ടോയ്ക്ക് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ടത്. ഷോജിയെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പറഞ്ഞ് കമ്പനി പുറത്താക്കുകയായിരുന്നു. ഇതോടെയാണ് പണം സമ്പാദിക്കാന്‍ മൊറിമോട്ടോ പുതിയ വഴി കണ്ടെത്തിയത്. ജോലിയെടുക്കാതെ നിസാര കാര്യത്തിലൂടെ പണം സമ്പാദിക്കുന്ന യുവാവ് സോഷ്യലിടത്ത് വൈറലാണ്.