TOPICS COVERED

ലൊസാഞ്ചലസില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം അഞ്ചാംദിനവും തുടരുന്നു. കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി ഉയര്‍ന്നു. നിലവിലുള്ളതില്‍ ഏറ്റവും തീവ്രമായ പാലിസെയ്ഡ്സ് കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാന്‍ കഠിനശ്രമം തുടരുകയാണ്.

കലിഫോര്‍ണിയെ വിഴുങ്ങിയ കാട്ടുതീ അഞ്ച് ദിവസമായിട്ടും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. കാറ്റിന്‍റെ ശക്തി കുറഞ്ഞതോടെ ഹോളിവുഡ് ഹില്‍സിലേടതടക്കം തീ ശമിപ്പിക്കാനായെങ്കിലും നാലിടങ്ങളില്‍ തീ തുടരുന്നുണ്ട്. മാന്‍ഡിവില്‍ കാന്യോന്‍റെ കിഴക്കോട്ട് തീ പടരുന്നതാണ് പ്രധാന ആശങ്കയെന്ന് ലൊസാഞ്ചലസ് വക്താവ് ജീസസ് റൂയിസ് പറഞ്ഞു. മലയോര പാതയായ ഇന്‍റര്‍സ്റ്റേറ്റ് 405 ന് അടുത്തേക്കെത്തുന്ന കാട്ടുതീ ജനവാസകേന്ദ്രത്തിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏറ്റവും വലിയ കാട്ടുതീ പടര്‍ന്ന പാലിസെയ്ഡില്‍ 11 ശതമാനവും ഈറ്റണില്‍ 15 ശതമാനവും മാത്രമാണ് തീയണയ്ക്കാനായത്.  കെന്നെത് എണ്‍പതും ഹര്‍സ്റ്റ് ‌76 ശതമാനവും ശമിച്ചിട്ടുണ്ട്. ലിഡിയ ഫയര്‍ പൂര്‍മായും അണഞ്ഞിട്ടുണ്ടെന്നും കലിഫോര്‍ണിയ അധികൃതര്‍ വ്യക്തമാക്കി. 37000 ഏക്കര്‍ സ്ഥലമാണ് അഞ്ച് ദിനംകൊണ്ട് കത്തിച്ചാമ്പലായത്. 12000 കെട്ടിടങ്ങള്‍ നശിച്ചു. 15,000 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ വന്‍ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സഹായം നല്‍കുമെന്ന് വ്യക്തമാക്കി. ദുരന്തബാധിതരുടെ വായ്പകളുടെ തിരിച്ചടിവിന് സാവകാശം നല്‍കാനും തീരുമാനമായിട്ടുണ്ട്.

ENGLISH SUMMARY:

Los Angeles wildfires: 16 dead, Palisades Fire expands as weather change escalates risk