A person tries to hose down embers from the Palisades Fire in the Pacific Palisades neighborhood of Los Angeles | AP Photo

ഹോളിവുഡ് സിനിമകളെ വെല്ലുന്ന അഗ്നിതാണ്ഡവത്തിന്റെ നേര്‍ക്കാഴ്ചകളാണ് ലൊസാഞ്ചലസിലെ പാലിസെയ്ഡിലും പരിസരങ്ങളിലും. 24 ജീവന്‍ കവര്‍ന്ന് ശതകോടികളുടെ നാശം വരുത്തിയ അഗ്നിതാണ്ഡവം ഒരാഴ്ച പിന്നിടുമ്പോഴും പൂര്‍ണനിയന്ത്രണത്തിലായിട്ടില്ല. കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അതീവജാഗ്രതയിലാണ് നഗരം. 

പാലിസെയ്ഡിലും പരിസരങ്ങളിലും തീക്കാറ്റ് വിതച്ച സാന്റ അന കാറ്റ്  ഇന്നും നാളെയും ശക്തിയാര്‍ജിച്ച് 112 കിലോമീറ്റര്‍ വരെ വേഗമെത്താമെന്നാണ് കാലാവസ്ഥാ പ്രവചനം. പാലിസെയ്ഡിലും ഇറ്റണിലും ഹഴ്സ്റ്റിലും  തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഏറ്റവും നാശമുണ്ടാക്കിയ പാലിസെയ്ഡില്‍ 13 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായത്. നോര്‍ത്ത് അമേരിക്കന്‍ സ്റ്റേറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കൊപ്പം മെക്സികോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ രംഗത്തുണ്ട്. ഒരാഴ്ച കൊണ്ട് നാല്‍പതിനായിരത്തിലേറെ ഏക്കറാണ് കാട്ടുതീയില്‍ ചാമ്പലായത്. ഒരുലക്ഷത്തോളം പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പുമുണ്ട്. ഇതുവരെ 275 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഓസ്കര്‍ നോമിനേഷന്‍ പ്രഖ്യാപനം ഒരാഴ്ചകൂടി നീട്ടിവച്ചു. ഈമാസം ഇരുപത്തിമൂന്നിലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച നടക്കാനിരുന്ന ചടങ്ങ് നേരത്തെ പത്തൊന്‍പതിലേക്ക് മാറ്റിയിരുന്നു.

ENGLISH SUMMARY:

The Los Angeles wildfire continues to devastate the Palisades and surrounding areas, with 24 lives lost, billions in damages, and evacuation warnings for 100,000 people. Firefighters battle against strengthening Santa Ana winds as the crisis unfolds.