earth-rotation-chn

ആഗോള താപനത്തെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റം ഭൂമിയുടെ രൂപത്തെ തന്നെ മാറ്റുന്നുവെന്ന്  ശാസ്ത്രലോകം. വളരെ നേരിയതെങ്കിലും നിരന്തരമായ ഈ മാറ്റം ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യമേറ്റുന്നതായും ഭൂമിയുടെ കറക്കം മന്ദഗതിയിലാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 'പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കദമി ഓഫ് സയന്‍സസ്' എന്ന  മാഗസിനിലാണ് കാലാവസ്ഥ മാറ്റം വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് വിവരങ്ങളില്‍ പലതും ശാസ്ത്രജ്ഞര്‍ അവലോകനം ചെയ്തതും നിഗമനങ്ങളിലെത്തിച്ചേര്‍ന്നതും.

ANTARTICA-ICEBERG

അന്‍റാര്‍ട്ടികയും ഗ്രീന്‍ലാന്‍ഡും പോലുള്ള ധ്രുവപ്രദേശങ്ങളില്‍ അതിവേഗത്തില്‍ മഞ്ഞുപാളികള്‍ ഉരുകുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ലോകവ്യാപകമായി താപനില ഉയരുന്നത് ഐസുറഞ്ഞ് കിടക്കുന്ന പ്രദേശങ്ങളില്‍ അതുരുകാന്‍ കാരണമാകുകയും അങ്ങനെയെത്തുന്ന ജലത്തെ ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഭൂമധ്യരേഖയോടടുത്ത് വെള്ളം കൂടുതലായി വന്ന് ചേരുന്നതോടെ ഭൂമി മധ്യഭാഗം കൊണ്ട് അല്‍പം വിസ്താരമുള്ളതായി മാറുന്നു. ഈ വീര്‍ക്കല്‍ പ്രക്രിയ ഭൂമിയുടെ കറക്കത്തെ മെല്ലെയാക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. 

ARCTIC-STATION/

ധ്രുവപ്രദേശത്ത് നിന്നും ഇങ്ങനെ ഭൂമധ്യരേഖ പ്രദേശത്തേക്ക് വെള്ളവും മറ്റും ഒഴുകിയെത്തുന്നത് ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നുവെന്നാണ് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ ജിയോഫിസിസ്റ്റായ സുരേന്ദ്ര അധികാരി പറയുന്നത്. ചന്ദ്രന്‍റെ ഗുരുത്വബലവും ഭൂമിയുടെ പുറന്തോടിലെ ഉരുകിയ പാറയും കാരണം നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഭൂമിയിലെ ദിവസങ്ങള്‍ക്ക് മില്ലിസെക്കന്‍റുകള്‍ വീതം ദൈര്‍ഘ്യമേറാറുണ്ട്. എന്നാല്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഈ മാറ്റം അതിവേഗത്തിലായെന്ന് പഠനം പറയുന്നു. 

നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് 2100 ഓടെ ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യം 2.62 മില്ലി സെക്കന്‍റുകള്‍ വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.  ഇത്തരത്തില്‍ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യമേറുകയും സമയക്കണക്ക് തെറ്റുകയും ചെയ്യുന്നത് സാമ്പത്തിക ഇടപാടുകളെെയും ഇന്‍റര്‍നെറ്റിന്‍റെ പ്രവര്‍ത്തനങ്ങളെയും, ജിപിഎസ് നാവിഗേഷനെയും ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്. 

ENGLISH SUMMARY:

Climate change is impacting the shape of the Earth and its timings warn scientists.