മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി തുടരുകയാണ്. ലോകവ്യാപകമായി വിമാന, ബാങ്കിങ്, ഓഹരി, ബ്രോഡ്കാസ്റ്റ് മേഖലകളെ ബാധിച്ചു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകള്‍ വൈകി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് നിശ്ചലമായി 30 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും പ്രശ്നങ്ങൾ തുടരുകയാണ്. ആന്‍റി വൈറസായ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം ബ്ലൂസ്ക്രീൻ ഓഫ് ഡെത്ത് പ്രതിഭാസം എന്ന ഈ പ്രതിസന്ധി മാകിനെയും ലിനക്സിനെയും ബാധിച്ചിട്ടില്ലെന്ന് ക്രൗഡ്സ്ട്രൈക് സിഇഒ ജോർജ് കർട്സ് അറിയിച്ചു.
വിന്‍ഡോസിന് സംഭവിച്ച തകരാറിന് പിന്നില്‍ സൈബർ ആക്രമണമോ സുരക്ഷാപ്രശ്നങ്ങളോ അല്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിക്കുകയാണെന്നും ജോർജ് കർട്സ് വ്യക്തമാക്കി. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കും പരിപാരമാര്‍ഗങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ക്ക് സപ്പോര്‍ട്ട് പോര്‍ട്ടലിന്‍റെ സഹായം തേടാമെന്നും ജോർജ് കർട്സ് അറിയിച്ചു. ക്രൗഡ്സ്ട്രൈക്ക് ഉപഭോക്താക്കളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഞങ്ങളുടെ ടീം ഒന്നിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രൗഡ്സ്ട്രൈക് സിഇഒ ജോർജ് കര്‍ട്സ് വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ജോർജ് കര്‍ട്സ് കുറിപ്പ് പങ്കുവച്ചത്.
അതേസമയം ലോകത്തെയാകെ നിശ്ചലമാക്കിയ ബ്ലൂസ്ക്രീൻ ഓഫ് ഡെത്ത് പ്രതിഭാസത്തെ കുറിച്ചത് നിരവധി അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. മൂന്നാം ലോകമഹായുദ്ധത്തിന്‍റെ മുന്നോടിയാണ് സൈബര്‍ പ്രതിസന്ധിയെന്നും മറ്റു രാജ്യങ്ങളുടെ സൈബര്‍ ആക്രമണം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നുമുളള അഭ്യൂഹങ്ങള്‍ ഹാഷ്ടാഗുകളോടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യാജപ്രചരണങ്ങളെല്ലാം തന്നെ ക്രൗഡ് സ്ട്രൈക്ക് കമ്പനി നിഷേധിച്ചു.
ക്രൗഡ് സ്ട്രൈക്ക് അപ്‌ഡേറ്റ് ലോകത്തെ വിവിധ മേഖലകളെ സാരമായി തന്നെ ബാധിച്ചു. എയർലൈൻസ്, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, ബാങ്കുകൾ, ടിവി, റേഡിയോ ബ്രോഡ്കാസ്റ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സുകളെ ഈ ബഗ് ബാധിച്ചു. സ്ഥാപനങ്ങളെ മാത്രമല്ല വിമാനത്താവളങ്ങളെയും വിമാന സര്‍വീസുകളെയും വിന്‍ഡോസ് തകരാര്‍ പ്രതിന്ധിയിലാക്കി. നിരവധി വിമാനസര്‍വീസുകളും റദ്ദാക്കേണ്ടി വന്നു. ഇതോടെ വിമാനയാത്രക്കാരും വലഞ്ഞു. സിസ്റ്റം പെട്ടെന്ന് ഷട്ഡൗണാകുകയും പുനരാരംഭിക്കുകും ചെയ്യുന്ന പ്രശ്നം ക്രൗഡ്‌സ്ട്രൈക്ക് നല്‍കിയ അപ്‍ഡേറ്റ് മൂലം സംഭവിച്ചതാണെന്നാണ് വിലയിരുത്തല്‍. കംപ്യൂട്ടറുകളിലെ സൈബർ സുരക്ഷാ പ്രതിരോധം നിയന്ത്രിക്കുന്ന ഫാൽക്കൺ സ്യൂട്ടിന്റെ ഭാഗമാണ് അപ്‌ഡേറ്റ്. പ്രതിസന്ധി പരിഹാരിക്കാന്‍ ശ്രമം തുടരുകയാണെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് യാതൊരു പ്രശ്നവും സംഭവിക്കില്ലെന്നും ക്രൗഡ്സ്ട്രൈക് കമ്പനി അറിയിച്ചു.