ആലപ്പുഴ കരുവാറ്റയിൽ തെരുവുനായ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ഗുരുതര പരുക്ക് . കരുവാറ്റ സ്വദേശികളായ സുനീഷ്- മാളു ദമ്പതികളുടെ മകൾ കൽഹയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
ഞായറാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു കൽഹയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലത് കണ്ണിനാണ് സാരമായ പരുക്ക്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുഖം അടിച്ച് വീണതോടെ പല്ല് നഷ്ടമായി.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. മുതിർന്നവരെയും വളർത്തു മൃഗങ്ങളെയും അടുത്തിടെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. തെരുവ്നായ ശല്യത്തിനെതിരെ നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. തൃക്കുന്നപ്പുഴ വലിയഴീക്കലിൽ തെരുവുനായ്ക്കൾ വൃദ്ധയെ കടിച്ചു കൊന്നത് അടുത്തിടെയാണ് .