കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ കിണറ്റില്‍ വീണ് മുഹമ്മദ് ഫസല്‍ മരിച്ചെന്ന വാര്‍ത്ത കണ്ണൂർ പാനൂർ ചേലക്കുന്നിലെ നാടറിയുന്നത് രാത്രിയോടെയാണ്. വൈകിട്ട് അഞ്ച് മണിയോടെയാണ് കളിസ്ഥലത്തെത്തിയ തെരുവ് നായയെ കണ്ട് കുട്ടികള്‍ ചിതറിയോടിയത്. കൂട്ടുകാര്‍ പല വഴിക്ക് ഓടിയപ്പോള്‍ സമീപത്തെ പണിനടക്കുന്ന വീടിന്‍റെ ഭാഗത്തേക്കായിരുന്നു ഫസല്‍ ഓടിയത്. നായയെ കണ്ട് പല ഭാഗത്തേക്കാണ് കുട്ടികൾ ചിതറി ഓടിയത്. നായയെ കണ്ട് പേടിച്ചതിനാൽ ആരും തിരികെ വന്നില്ല.
സാധാരണ രാത്ര ഏഴു മണിക്ക് മുൻപായി ഫസൽ വീട്ടിലെത്തും. ഏഴു മണിക്കും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്. ഫസലിന്റെ കൂട്ടുകാരുടെ വീട്ടിലെത്തിയും ബന്ധുക്കള്‍ അന്വേഷിച്ചിരുന്നു. വീട്ടിലേക്ക് പോയെന്നാണ് കൂട്ടുകാർ പറഞ്ഞത്. നായയെ കണ്ട് ഓടിയ കാര്യവും കുട്ടികൾ പറഞ്ഞു.
ഈ ആങ്കയിലാണ് വീട്ടുകാരും നാട്ടുകാരും കുട്ടികൾ കളിച്ച സ്ഥലത്ത് തിരച്ചിൽ നടത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് കാടുമൂടിയ പഴയ കിണറുണ്ട്. ഇത് മൂടാൻ തീരുമാനിച്ചിരുന്നതിനാൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. ഇതിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തൂവക്കുന്ന് ഗവൺമെന്‍റ് എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഫസൽ.