ലോക കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്കിന്‍റെ വിജയത്തിന് പിന്നില്‍ നിശ്ചയ ദാര്‍ഢ്യവും നോ പറയാനുള്ള മനസുമാണെന്ന് മുന്‍ഭാര്യയും എഴുത്തുകാരിയുമായ ജസ്റ്റിന്‍. ആളുകളോട് 'നോ' പറയാനുള്ള മസ്കിന്‍റെ കഴിവ് സമയവും ഊര്‍ജവും ലാഭിക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നും സ്വന്തം ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മസ്കിന് കഴിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മസ്കിന്‍റെ എല്ലാ നോ പറച്ചിലുകളും തനിക്കെന്താണ് വേണ്ടതെന്ന കൃത്യമായ ബോധ്യത്തോടും അത് മാത്രമേ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്നുമുള്ള കൃത്യമായ പറച്ചിലാണെന്നും ഈ തിരിച്ചറിവ് ജീവിതത്തില്‍ അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിലും സ്വന്തം മൂല്യം മനസിലാക്കുന്നതിലും കുറേക്കൂടി ലക്ഷ്യകേന്ദ്രീകൃതമായ ജീവിതം നയിക്കാനും തന്നെ സഹായിച്ചുവെന്നും ജസ്റ്റിന്‍ വെളിപ്പെടുത്തി.
കുട്ടികള്‍ക്ക് 'നോ' പറയാനുള്ള കഴിവ് സ്വതസിദ്ധമാണ്. പക്ഷേ വളര്‍ന്നു വരുമ്പോള്‍ സമൂഹത്തിലെയും ചുറ്റുപാടുമുള്ളവരുടെയും സ്വാധീനഫലമായി ഈ കഴിവ് നഷ്ടപ്പെട്ട് പോവുകയാണ്. ജീവിതത്തില്‍ വിജയിക്കുന്നതിനായി 'നോ' പറയാനുള്ള കഴിവ് എല്ലാവരും തിരികെപ്പിടിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന് മസ്കുമായുള്ള ബന്ധത്തില്‍ അഞ്ച് മക്കളാണ് ഉള്ളത്. അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതോടെയാണ് മസ്കുമായി പിരിഞ്ഞതെന്നാണ് ടെഡ് ടോക്സില്‍ ജസ്റ്റിന്‍ തുറന്ന് പറയുന്നത്. തന്‍റെ തീരുമാനങ്ങളെ എല്ലായ്പ്പോഴും മസ്ക് അവഗണിക്കുകയും സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നു. ഇത് പതിവായതോടെ ഞാന്‍ നിങ്ങളുടെ തൊഴിലാളിയല്ല, ഭാര്യയാണെന്ന് പലവട്ടം പറയേണ്ടി വന്നിട്ടുണ്ടെന്ന് ജസ്റ്റിന്‍ പറയുന്നു. ഇങ്ങനെ പറയുമ്പോള്‍ 'നിങ്ങള്‍ എന്‍റെ കീഴിലെ ജീവനക്കാരി ആയിരുന്നുവെങ്കില്‍ പണ്ടേ പുറത്താക്കിയേനെ' എന്നായിരുന്നു മസ്കിന്‍റെ മറുപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവബഹുലമായ പ്രണയവും വിവാഹവും വേര്‍പിരിയലുമായിരുന്നു മസ്കിന്‍റെയും ജസ്റ്റിന്‍റേതും. ഒന്‍റാരിയോയിലെ ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം മെല്ലെ പ്രണയത്തിന് വഴിമാറിയതോടെ 2000ത്തില്‍ ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ലോസ് ഏയ്ഞ്ചസിലേക്ക് മാറി. ആദ്യ പ്രസവത്തിലെ മകനെ ഇരുവര്‍ക്കും നഷ്ടമായി. പിന്നീട് ഇരട്ടക്കുട്ടികളും അതിന് പിന്നാലെ മൂന്ന് മക്കളും ജനിച്ചു. മസ്ക് ടെസ്ല സിഇഒ ആയ അതേവര്‍ഷം, 2008ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. മകന്‍റെ മരണവും പിന്നാലെയുണ്ടായ അഞ്ച് മക്കളും മസ്കിന്‍റെ സ്വഭാവവും എല്ലാം കുടുംബജീവിതത്തിന്‍റെ താളം തെറ്റിച്ചു.
ഏറെ അസ്വാരസ്യങ്ങള്‍ നിറഞ്ഞ വേര്‍പിരിയലിനെ കുറിച്ച് ജസ്റ്റിന്‍ എഴുതിയത് അടുത്തയിടെ മസ്കിന്‍റെ ജീവചരിത്രം പുറത്തുവന്നതോടെ വന്‍ ചര്‍ച്ച ആയിരുന്നു. വലിയ സമ്പത്തിക അന്തരമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. അത് കുടുംബത്തിലെ തീരുമാനങ്ങളെ ബാധിച്ചുവെന്നും പങ്കാളിയെന്ന പരിഗണന മസ്കില്‍ നിന്നും ഉണ്ടായില്ലെന്നും ജസ്റ്റിന്‍ തുറന്ന് പറഞ്ഞു. വിവാഹമോചനത്തിന് പിന്നാലെ മസ്ക് വലിയൊരു തുക ജസ്റ്റിന് വാഗ്ദാനം ചെയ്തുവെങ്കിലും അവര്‍ നിരസിച്ചു. മക്കളുടെ പഠനവും അവര്‍ക്കായുള്ള പണവും മസ്കാണ് നല്‍കി വരുന്നുമുണ്ട്. ബ്ലഡ് ഏഞ്ചല്‍, അണ്‍ ഇന്‍വന്‍റഡ് എന്നിവയാണ് ജസ്റ്റിന്‍റെ ശ്രദ്ധേയമായ പുസ്തകങ്ങള്‍.