ആഘോഷങ്ങളും വിവാദങ്ങളും നിറയുന്ന ജീവിതം.ഒരു ബോളിവുഡ് മസാലപ്പടത്തിന്‍റെ എല്ലാ ചേരുവകളും നിറഞ്ഞ ജീവിതമാണ് ഡോണള്‍ഡ് ട്രംപിന്‍റേത്. രണ്ടാം തവണയും പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോഴും കേസുകളും വിവാദങ്ങളും ട്രംപിന്‍റെ കൂടെയുണ്ട്.
എൻബിസി റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ടിവി താരവും ശതകോടീശ്വരനുമായ ഡൊണാൾഡ് ട്രംപ്. അങ്ങനെയൊരു മുഖവുരയോടെയായിരുന്നു യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 2014 ല്‍ ട്രംപ് മല്‍സരിക്കാനെത്തുന്നത്. അവിടെ നിന്നിങ്ങോട്ട് ഒരു ദശകത്തിലധികമായി വിവാദങ്ങളുടെ കൂടെയായിരുന്നു ട്രംപിന്‍റെ യാത്ര.
തീവ്ര ദേശീയത, കുടിയേറ്റ വിരുദ്ധത, ഔദ്യോഗികവഴി മറന്ന് എന്തും തുറന്നടിച്ച് പറയുന്ന ഒരാള്‍..അങ്ങനെയൊരാള്‍ എങ്ങനെ വീണ്ടും അമേരിക്കയുടെ തലപ്പത്തേക്ക് കുടിയേറുന്നുവെന്നത് കൗതുകത്തിനപ്പുറം ചൂടേറിയൊരു ചോദ്യമാണ്. പക്ഷേ, എല്ലാത്തിനും മുകളില്‍ ആദ്യം അമേരിക്കയെന്ന മുദ്രാവാക്യവും, രാജ്യസുരക്ഷയും, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം ഉറപ്പാക്കാനുള്ള ചടുലതയും സമാധാന ഉടമ്പടികള്‍ക്കുമൊക്കെ ചുക്കാന്‍ പിടിക്കാനുള്ള വൈഭവവും എതിരെയുള്ള വിവാദങ്ങള്‍ക്കെല്ലാം അപവാദമായി.
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം, തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുള്ള ക്യാപിറ്റോള്‍ കലാപം, വിവാഹേതര ബന്ധം മറച്ചുവയ്ക്കുന്നതിന് രതിചിത്ര നടി സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസ്, ഔദ്യോഗിക രഹസ്യരേഖകൾ കടത്തിയെന്ന കേസ്, യുഎസ് മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ് അങ്ങനെ കേസുകളുടെ ഘോഷയാത്ര.
കടുത്ത ശിക്ഷകളിലൂടെ കടന്നുപോയില്ലെങ്കിലും കേസും വിചാരണയുമൊക്കെ ട്രംപിന്‍റെ ചേരുവകളായി. മറുവശത്ത് ഇസ്രയേലും യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി, പ്രസിഡന്റായിരിക്കെ ഉത്തരകൊറിയയുടെ മണ്ണിലെത്തി എന്നതടക്കം സമാധാനനീക്കങ്ങള്‍. ഏറ്റവുമൊടുവില്‍ വാഗ്ദാനം പോലെ ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തലും. ഒപ്പം വലിയ യുദ്ധങ്ങളൊഴിഞ്ഞ കാലമായിരുന്നു ആദ്യ ട്രംപ് ഭരണമെന്ന ഖ്യാതിയുംകൂടിയാകുമ്പോള്‍ വിവാദങ്ങള്‍ക്ക് മുകളില്‍ വീരചിത്രം വരയ്ക്കാന്‍ ട്രംപിന് കാരണങ്ങളേറെ.
വീണ്ടും വൈറ്റ് ഹൗസിലേക്കെത്തുമ്പോള്‍ നിലപാടുകള്‍ മയപ്പെടുത്താതെ, ട്രംപ് പറയാനുള്ളത് പറയുമെന്നും പറഞ്ഞതെല്ലാം ചെയ്യുമെന്നും ഉറപ്പാണ്. അതുതന്നെയാണ് ട്രംപെന്ന എഴുപത്തെട്ടുകാരനെ വ്യത്യസ്തനാക്കുന്നതും.