• അമേരിക്കയുടെ 47–ാം പ്രസിഡന്‍റ്
  • സത്യപ്രതിജ്ഞ ഇന്ത്യന്‍ സമയം രാത്രി 10.30ന്
  • ക്ഷണിക്കപ്പെട്ട അതിഥികള്‍ വാഷിങ്ടണിലെത്തി

അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി 10.30ന് വാഷിങ്ടണ്‍ ഡിസിയില്‍ ക്യാപിറ്റള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളിലാണ് ചടങ്ങ്. സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ഭരണാധിപന്‍മാരടക്കം ക്ഷണിക്കപ്പെട്ട അതിഥികള്‍‌ വാഷിങ്ടണിലെത്തി. അമേരിക്കയുടെ പൗരാവകാശസംരക്ഷണത്തിന്‍റെ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിനോടുള്ള ആദരം നിറയുന്ന ദിനത്തിലാണ്  എഴുപത്തെട്ടുകാരന്‍ ട്രംപ് രണ്ടാം വട്ടവും പ്രസി‍‍ഡന്റായി ചുമതലയേല്‍ക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോല്‍വി സമ്മതിക്കാതെ മടങ്ങിപ്പോയ ക്യാപിറ്റളിന്റെ പടികളില്‍ ട്രംപിന്‍റെ രണ്ടാം ഇന്നിങ്സിന് തുടക്കമാകും.

പ്രാദേശികസമയം രാവിലെ ഏഴിന് സെന്‍റ് ജോണ്‍സ് എപിസ്കോപ്പല്‍ ദേവാലയത്തിലെ പ്രാര്‍ഥനാ ചടങ്ങുകളോടെയാണ് സത്യപ്രതിജ്ഞാദിവസത്തിന്‍റെ തുടക്കം. ട്രംപും കുടുംബാംഗങ്ങളുമടക്കമുള്ളവര്‍ പ്രാര്‍ഥനാ ചടങ്ങിന്‍റെ ഭാഗമാകും. തുടര്‍ന്ന് പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന ചായസല്‍ക്കാരം. പ്രസി‍ഡന്റിന്‍റെ ഔദ്യോഗിക ഗായകസംഘത്തിന്‍റെ സംഗീതമുഖവുരയോടെയാണ് രാത്രി പത്തുമണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക. ക്രിസ്റ്റഫര്‍ മാക്കിയോയുടെ 'ഓ അമേരിക്ക' എന്ന ഗാനത്തിന് പിന്നാലെ വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സ് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് 10.30ന് യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്സിന്  മുന്‍പാകെ നിയുക്ത പ്രസി‍ഡന്റിന്‍റെ സത്യപ്രജിജ്ഞ. 1955ല്‍ അമ്മ സമ്മാനിച്ച ബൈബിളിലും 1861ല്‍ ഏബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്കുപയോഗിച്ച ബൈബിളിലും തൊട്ടായിരിക്കും ട്രംപിന്‍റെ  സത്യപ്രതിജ്ഞ. 

സ്ഥാനാരോഹണത്തിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നാലെ മതപുരോഹിതരുടെ ആശീര്‍വാദചടങ്ങ്. ബൈഡനും കമല ഹാരിസും പടിയിറങ്ങിയതിന് ശേഷം പ്രസിഡന്‍റിന്‍റെ മുറിയിലെത്തുന്ന ട്രംപ് വിവിധ ഉത്തരവുകളിലടക്കം ഒപ്പുവയ്ക്കും. തുടര്‍ന്ന് ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ ക്യാപിറ്റള്‍ വണ്‍ അറീനയില്‍ പരേഡ്. പരേഡിന് ശേഷം വൈറ്റ് ഹൗസില്‍ ഓവല്‍ ഓഫിസിലെത്തുന്ന ട്രംപിനായി കലാപരിപാടികള്‍ അരങ്ങേറും. നാളെ വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലിലെ പരമ്പരാഗത പ്രാര്‍ഥനാ ചടങ്ങുകളോടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാകും. 

ENGLISH SUMMARY:

Donald Trump is set to take the oath as the 47th President of the United States today at Washington's Capitol Rotunda. The ceremony, scheduled for 10:30 PM IST, will be attended by invited dignitaries.