കോഴിക്കോട് പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ രോഗിയായ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആഷിഖില്‍ നിന്നും മാതാവ് സുബൈദക്ക് ഇരുപതിലധികം വെട്ടേറ്റു. വെട്ടുകൾ ഏറെയും കൊണ്ടത് തലയ്ക്കും കഴുത്തിനുമാണ്. എല്ലാം ആഴത്തിലുള്ള മുറിവുകൾ ആയിരുന്നവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി. റിമാൻഡിലായ പ്രതി ആഷിക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ ബുധനാഴ്ച താമരശ്ശേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ജനിപ്പിച്ചതിനുള്ള ശിക്ഷ താന്‍ നടപ്പാക്കിയെന്നായിരുന്നു ക്രൂരകൊലപാതകത്തിന് ശേഷം പ്രതിയുടെ ആദ്യമൊഴി. ലഹരിക്കടിമയായതിന് ശേഷം മുമ്പ് രണ്ട് തവണ ആഷിഖ് അമ്മയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. ശനിയാഴ്ചയാണ് 53 കാരിയായ സുബൈദയെ ലഹരിക്കടിമയായ മകന്‍ ആഷിഖ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച ആഷിഖിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലായിരുന്നു സുബൈദ.