Image Credit: instagram.com/jejaksiaden

പാമ്പുകളുമായി നിരന്തരം ഇടപഴകുന്ന, അതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് പാമ്പുകടിയേറ്റു. ഇന്തൊനേഷ്യയില്‍ നിന്നുള്ള യുവാവിന്‍റെ സ്വകാര്യഭാഗത്താണ് പാമ്പു കടിച്ചത്. പാമ്പുമായി വിഡിയോ ഷൂട്ട്  ചെയ്യുമ്പോളാണ് സംഭവം. വേദനകൊണ്ട് പുളഞ്ഞ യുവാവ് പക്ഷേ വിഡിയോ പങ്കുവയ്ക്കാനും മറന്നില്ല.

അംഗാര ഷോജി എന്ന യുവാവാണ് വിഡിയോ പങ്കുവച്ചത്. ദൃശ്യങ്ങളില്‍ പാമ്പ് യുവാവിന്‍റെ സ്വകാര്യഭാഗത്ത് കടിച്ചുതൂങ്ങുന്നത് വിഡിയോയില്‍ കാണാം. ഇതോടെ യുവാവ് പാമ്പിനെ വാലിൽ പിടിച്ച് വലിക്കുന്നുമുണ്ട്. പാമ്പ് വിടാതിരുന്നതോടെ യുവാവ് ഒടുവില്‍ നിലത്തിരിക്കുന്നു. പാമ്പാകട്ടെ തന്‍റെ വാല്‍ ഭാഗം കൊണ്ട് യുവാവിന്‍റെ കാലില്‍ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. യുവാവ് വേദനകൊണ്ട് പുളയുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വിഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തിൽപ്പെട്ട കണ്ടൽ പാമ്പാണ് ഇതെന്നും നേരിയ വിഷം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു. ഇത് യുവാവിന് അറിയാമെന്നും അതുകൊണ്ടാണ് ഈ ‘സ്റ്റണ്ട്’ എന്നും അഭിപ്രായമുണ്ട്. എന്നാല്‍ കടിയുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് ശരീരത്തിൽ പ്രവേശിക്കുന്ന വിഷത്തിന്റെ അളവ് കൂടുമെന്നും ആളുകള്‍ പറയുന്നു. യുവാവ് ഇത് മനപൂര്‍വ്വം ചെയ്തതാണോ എന്നുള്ള സംശയവും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്. ദക്ഷിണേഷ്യ മുതൽ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളിൽ ഈ ഇനം പാമ്പുകളെ കാണപ്പെടുന്നതായി ബ്രിട്ടാനിക്ക റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദീർഘവൃത്താകൃതിയിലുള്ള കണ്ണുകളായതിനാല്‍ ഇവയെ പൂച്ചക്കണ്ണുള്ള പാമ്പുകൾ (Cat Eyed Snake) എന്നും വിളിക്കുന്നു. 

വിഡിയോ പങ്കുവച്ച അംഗാര ഷോജി ഇഴജന്തുക്കളുമായുള്ള സ്റ്റണ്ടുകള്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ക്ക് മൂന്ന് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ഒരു യൂട്യൂബ് ചാനലും യുവാവിന് സ്വന്തമായുണ്ട്. പാമ്പിന്‍റെ വായില്‍ സ്വന്തം നാവ് കടത്തിവിടുന്നത് ഉൾപ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകൾ ഇയാള്‍ ചിത്രീകരിക്കാറുണ്ട്. 900ലധികം വിഡിയോകള്‍ ഇതിനകം യുവാവ് പങ്കുവച്ചിട്ടുണ്ട്.

ENGLISH SUMMARY:

A social media influencer from Indonesia, known for interacting with snakes, was bitten during a video shoot. Despite the pain, he continued to share the footage.