യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത നികുതിയും ഉപരോധവും ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, യെമനിലെ ഹൂതി വിമതരെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
അധികാരത്തിലെത്തിയാല്‍ ഒറ്റദിവസംകൊണ്ട് റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ് ഒരുപടികൂടി കടന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. റഷ്യയെ വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ കുറിപ്പ് തുടങ്ങുന്നത്. പരിഹാസ്യമായ യുദ്ധം ഉടനടി നിര്‍ത്തണം. കരാറില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധവും ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതിയും തീരുവയും ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന റഷ്യയ്ക്ക് ഒരു സഹായമാണ് ചെയ്യുന്നതെന്നും ട്രംപ് പറയുന്നു. അതിനിടെ, യെമനിലെ ഹൂതി വിമതരെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്‍റെ തീരുമാനം ട്രംപ് പിന്‍വലിച്ചു. 2020 ല്‍ ഹൂതി വിമതരെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച ട്രംപിന്‍റെ തീരുമാനം, ബൈഡന്‍ സ്ഥാനമേറ്റതിന് പിന്നാലെ റദ്ദാക്കുകയായിരുന്നു.
അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായാണ് ട്രംപ് ഒരു വിദേശഭരണാധികാരിയുമായി സംസാരിക്കുന്നത്. അതിനിടെ, ചുമതലയേറ്റതിന് പിന്നാലെ യുഎസില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരായ 460 പേരെ അറസ്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം അടക്കം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരാണ് പിടിയിലായത്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്‍റെ ഭാഗമായി ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലേക്ക് 1500 സൈനികരെ അയച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.