യുഎസിലെ ലൊസാഞ്ചലസില്‍ വീണ്ടും കാട്ടുതീ. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീയില്‍ ഇതുവരെ അയ്യായിരത്തോളം ഏക്കര്‍ കത്തിനശിച്ചു. 19,000 പേരോട് ഒഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിറു തടാകത്തിന് കിഴക്കുള്ളവരോടും ഒഴിയാന്‍ നിര്‍ദേശം. 16,000 പേരോട് ജാഗ്രതോടെയിരിക്കാനും നിര്‍ദേശം നല്‍കിയതായി ലൊസാഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്മെന്‍റ് വ്യക്തമാക്കി. ഇവര്‍ ഏത് നിമിഷവും ഒഴിയേണ്ടി വന്നേക്കും. നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് കസ്റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. കസ്റ്റേക് ലേക്, പാരഡൈസ് റാഞ്ച്, ഗ്രീന്‍ ഹില്‍, കേംബ്രിഡ്ജ് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പസഫിക് പാലസേഡ്സ് ജനുവരി ഏഴിന് തുടങ്ങിയ തീ ഇതുവരേയും പൂര്‍ണമായും അവസാനിച്ചിട്ടില്ല.
അതേസമയം, ലൊസാഞ്ചലസില്‍ കാട്ടുതീ പടർന്നതിനെതുടർന്ന് മാറ്റിവെച്ച ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന് നടക്കും. രാത്രി ഇന്ത്യൻ സമയം 7 മണിയോടെയാണ് നാമനിർദേശ പ്രഖ്യാപനം. 24 വിഭാഗങ്ങളിലെ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിക്കും. ഗുനീത് മോംഗ ഒരുക്കിയ ഷോർട് ഫിലിം അനുജ ആണ് ഇന്ത്യൻ പ്രതീക്ഷ. രാജ്യാന്തര സിനിമ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയ ലാപത്താ ലേഡീസ് ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.