മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കൈമാറ്റത്തിനെതിരെ റാണ നല്‍കിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളി. റാണയെ വിട്ടുകിട്ടിയാല്‍ ഭീകരാക്രമണ ഗൂഢാലോനയിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കും. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ പാക്കിസ്ഥാന്‍ വംശജന്‍ കനേഡിയൻ വ്യവസായി തഹാവൂർ റാണ 16 വര്‍ഷമായി ലോസാഞ്ചലസിലെ ജയിലിലാണ്. ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്ക് വ്യക്തമാക്കുന്ന തെളിവ് കൈമാറിയതോടെ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യു.എസ് അപ്പീല്‍കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ റാണ നല്‍കിയ ഹര്‍ജിയാണ് യു.എസ് സുപ്രീം കോടതി തള്ളിയത്. ഇതോടെ കൈമാറ്റം ഒഴിവാക്കാന്‍ റാണയ്ക്കുമുന്നിലുണ്ടായിരുന്ന അവസാന നിയമ സാധ്യതയും അടഞ്ഞു. ഹര്‍ജി തള്ളണമെന്ന് യു.എസ് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറും. ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റതിനുപിന്നാലെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
64 കാരനായ റാണയ്ക്ക് മുംബൈ ഭീകരാക്രണക്കേസിലെ പ്രധാന പ്രതി പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്തബന്ധമുണ്ട്. ആക്രമണത്തിനായി ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും റാണ ഭീകരര്‍ക്ക് സഹായം ചെയ്തെന്നുമാണ് കണ്ടെത്തല്‍. കേസില്‍ 2009 ൽ ഷിക്കാഗോയിൽ വെച്ച് എഫ്ബിഐയാണ് റാണയെ അറസ്റ്റ് ചെയ്തത്.
റാണെയ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്കിനെക്കുറിച്ചടക്കം കൂടുതൽ വിവരങ്ങള്‍ അറിയാനാകുമെന്ന് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മുഖ്യപ്രതി പാക്ക് ഭീകരൻ അജ്മൽ കസബിനെ 2012 ല്‍ തൂക്കിലേറ്റിയിരുന്നു.