ദേശിയപാത നിര്‍മാണത്തിന് ഭൂമി വിട്ടുകൊടുക്കാന്‍ വഴങ്ങാത്തയാളുടെ വീടിന് മുകളിലൂടെ റോഡ് നിര്‍മിച്ച് ചൈന. ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ്ങാണ് അധികൃതര്‍ നല്‍കിയ രണ്ട് കോടിയോളം രൂപ നിരസിച്ചത്. ഇതിനെ തുടര്‍ന്ന് വീടിന് ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി വീട് നിര്‍മാണം തുടങ്ങുകയായിരുന്നു.
റോഡ് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്ന ഘട്ടത്തില്‍ 180,000 പൗണ്ട് (ഏകദേശം 2 കോടി) ആണ് നഷ്ടപരിഹാരമായി അധികൃതര്‍ ഹുവാങ് പിങ്ങിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ റോഡ് നിര്‍മാണത്തിലെ പൊടിയും ബഹളവും കാരണം തുക നിരസിച്ചതില്‍ ഖേദിക്കുന്ന അവസ്ഥയിലാണ് മുത്തശ്ശന്‍.
എക്‌സ്പ്രസ് വേ തുറന്നുകഴിഞ്ഞാൽ വീട്ടില്‍ താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാന്‍ സാധിക്കുന്നില്ല. നിലവില്‍ ശബ്ദം കാരണം ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ഹുവാങ് പറഞ്ഞു. 'പിന്നോട്ടേക്ക് പോകാന്‍ സാധിക്കുമെങ്കില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വ്യവസ്ഥകൾ അംഗീകരിക്കും. വലിയൊരു അവസരം നഷ്ടപ്പെടുത്തിയതായി തോന്നുന്നു' എന്നാണ് ഹുവാങ് പറഞ്ഞത്.
ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പമാണ് ഹുവാങ്ങിന്‍റെ താമസം. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ടണലിലൂടെ സഞ്ചരിക്കണം. അതേസമയം വീട് കാണാനും ഫോട്ടോ എടുക്കാനും സഞ്ചാരികള്‍ ഈ പ്രദേശത്തേക്ക് എത്തുന്നുണ്ട്. ഇതിലൂടെ പണമുണ്ടാക്കാനുള്ള പദ്ധതിയിലാണ് ഹുവാങ്.
വീടിന്‍റെ താഴ്ചയില്‍ നിന്നും മണ്ണിട്ട് ഉയര്‍ത്തിയാണ് ദേശിയപാത നിര്‍മാണം. വീടിന് ചുറ്റും ദേശിയപാത. ഇരുനില വീടിന്‍റെ മേല്‍ക്കൂരയോട് ചേര്‍ന്നാണ് ദേശിയപാത കടന്നുപോകുന്നത്. സര്‍ക്കാറിന്‍റെ നഷ്ടപരിഹാര തുക കുറഞ്ഞതിനാലാണ് ഹുവാങ് നേരത്തെ ഇത് നിരസിച്ചത്. ദീര്‍ഘനാള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വഴങ്ങാത്തതിനാല്‍ ഒടുവില്‍ നിര്‍മാണം തുടങ്ങുകയായിരുന്നു.
ഇതേ രീതിയില്‍ ഷാങ്ഹായിലെ പ്രധാന റോഡിന് നടുവിലും വീടുണ്ടായിരുന്നു. നഷ്ടപരിഹാരം അപര്യാപതമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാങ്ഹായിലെ പ്രതിഷേധവും. ഏകദേശം 14 വർഷത്തിന് ശേഷം 300,000 പൗണ്ടിന്‍റെ ഓഫറിനാണ് കുടുംബം വീട് മാറാന്‍ സമ്മതിച്ചത്.