പുലിറ്റ്സർ സമ്മാനം ലഭിച്ച വിയറ്റ്നാം യുദ്ധ പ്രതീകമായ ‘നാപാം പെൺകുട്ടി’ എന്ന പേരിലറിയപ്പെടുന്ന ഫോട്ടോയെടുത്തത് ഫൊട്ടോഗ്രാഫർ നിക്ക് ഊട്ട് അല്ലെന്ന് വാദിച്ച് ഡോക്യുമെന്ററി. ഫ്രീലാൻസ് ഫൊട്ടോഗ്രഫർ നോയൻ ടാൻ നെ ആണ് ഈ ചിത്രമെടുത്തതെന്നാണ് യുഎസിലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യുമെന്ററിയിൽ പറയുന്നത്.
ഗാരി നൈറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. തെക്കൻ വിയറ്റ്നാമിലുണ്ടായ നാപാം ബോംബാക്രമണത്തെ തുടർന്ന് പൊള്ളലേറ്റ് നഗ്നയായി ഓടുന്ന പെൺകുട്ടിയുടെ ചിത്രം താനാണ് ക്യാമറയിൽ പകർത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ നോയൻ ടാൻ നെ അവകാശപ്പെട്ടു.
നോയൻ ടാൻ നെയുടെ വാക്കുകൾ ഇപ്രകാരമാണ്; ആ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് 1972 ജൂൺ 8നാണ്. ഞാന്‍ എൻബിസി വാർത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തിലെത്തിയത്. അവിടെവച്ചാണ് നിലവിളിച്ചുകൊണ്ട് ഓടുന്ന 9 വയസ്സു മാത്രമുള്ള കിം ഫുക്കിനെ ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് 20 ഡോളറിന് ആ ചിത്രം അമേരിക്കൻ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന് (എപി) വിറ്റു.
1972ല്‍ പണം കൊടുത്ത് സ്ട്രിങ്ങറിൽ നിന്ന് വാങ്ങിയ ആ ചിത്രം എപി ഫോട്ടോഗ്രഫര്‍ നിക്ക് ഊട്ടിന്‍റേതാണെന്ന് പ്രചരിപ്പിക്കാന്‍
തനിക്ക് നിർദേശമുണ്ടായിരുന്നുവെന്ന് എപിയുടെ അന്നത്തെ ഫോട്ടോ എഡിറ്റർ കാൾ റോബിൻസൻ (81) വ്യക്തമാക്കുന്നു. ഫൊറൻസിക് ടീമിന്‍റെ അന്വേഷണത്തിൽ, ആ ഫോട്ടോ നിക്ക് ഊട്ട് എടുത്തതാകാൻ സാധ്യത ഇല്ലെന്ന് കണ്ടെത്തിയതായാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
ഈ അവകാശവാദം വ്യാജമാണെന്നാണ് കാനഡയിലുള്ള കിം ഫുക്കിന്‍റെ പ്രതികരണം.