ദക്ഷിണകൊറിയയില്‍ വന്‍ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. 176 പേരുമായി ഗിംബേയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ബുസാന്‍ വിമാനം റണ്‍വേയില്‍ വച്ച് കത്തിനശിച്ചു. ടേക്കോഫിന് തൊട്ടുമുന്‍പാണ് വിമാനത്തിന്‍റെ പിന്‍ഭാഗത്ത് തീ കണ്ടത്. അതിവേഗം പ്രവര്‍ത്തിച്ച വിമാനജീവനക്കാരും അഗ്നിരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. 169 യാത്രക്കാരും 6 ജീവനക്കാരും ഒരു എന്‍ജിനീയറുമാണ് വിമാനത്തിലുണ്ടായിരുന്നത്.
മൂന്ന് യാത്രക്കാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ദക്ഷിണകൊറിയന്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി അറിയിച്ചു. എസ്കേപ് സ്ലൈഡുകള്‍ ഫലപ്രദമായി ഉപയോഗിച്ചാണ് നിമിഷങ്ങള്‍ കൊണ്ട് യാത്രക്കാരെയും വിമാനജീവനക്കാരെയും പുറത്തെത്തിച്ചത്. ഒരുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. അപ്പോഴേക്കും വിമാനം ഏറെക്കുറെ കത്തിനശിച്ചിരുന്നു. എയര്‍ബസ് എ321 വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
മുവാന്‍ വിമാനത്താവളത്തില്‍ കഴിഞ്ഞമാസം ജേജു എയര്‍ വിമാനം തകര്‍ന്ന് 179 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തത്തില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് രക്ഷപെട്ടത്. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതുകാരണം വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കോണ്‍ക്രീറ്റ് സമുച്ചയത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുറത്തുവന്ന ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമാനത്തിന്‍റെ എന്‍ജിനില്‍ പക്ഷി ഇടിച്ചതായി പരാമര്‍ശമുണ്ട്.