TOPICS COVERED

പിതാവിന്‍റെ മുന്നില്‍ വെച്ച് 24കാരനായ മകനെ തിമിംഗലം വിഴുങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിഴുങ്ങിയ ഉടന്‍ തന്നെ യുവാവിനെ തിമിംഗലം പുറത്തേക്ക് തുപ്പുകയും ചെയ്തു. 24കാരനായ ആഡ്രിയന്‍ സിമാന്‍കസിനാണ് രണ്ടാം ജന്മം ലഭിച്ചത്.

പാഞ്ഞെത്തിയ തിമിംഗലം കയാക്കില്‍ ഇരുന്ന യുവാവിനെ വിഴുങ്ങുന്ന വിഡിയോ പിതാവിന്‍റെ ക്യാമറയില്‍ തന്നെയാണ് പതിഞ്ഞത്. ചിലിയിലെ പെറ്റാഗോണിയയിലാണ് സംഭവം. പിതാവും മകനും ചേര്‍ന്നാണ് ശാന്തമായ സമുദ്രത്തില്‍ കയാക്കിങ് നടത്താനിറങ്ങിയത്.

പിതാവ് ആഡ്രിയന്റെ വിഡിയോ എടുക്കുന്നതിനിടെയാണ് കൂറ്റന്‍ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് പൊങ്ങിയത്. കയാക്കില്‍ ഇരുന്ന ആഡ്രിയന്‍ സിമാന്‍കസിനെ തിമിംഗലം വിഴുങ്ങുന്നത് നെഞ്ചിടിപ്പോടെയാണ് ആ അച്ഛന്‍ കണ്ടത്. അതിവേഗത്തില്‍ പാഞ്ഞെത്തിയ തിമിംഗലത്തെ കണ്ട് ആദ്യം തിരമാലയാണെന്നാണ് കരുതിയതെന്ന് യുവാവിന്റെ പിതാവ് ഡെല്‍ പറയുന്നു.

തിമിംഗലം വായിലാക്കിയതോടെ താന്‍ ഈ ലോകത്തോട് വിട പറയുകയാണെന്ന് ഉറപ്പിച്ചതായിരുന്നുവെന്ന് ആഡ്രിയന്‍ പ്രതികരിച്ചു. 'അപ്രതീക്ഷിതമായാണ് തിമിംഗലം എന്‍റെ അടുത്തേക്ക് പാഞ്ഞുവന്നത്. എന്താണ് സംഭവം എന്ന് വ്യക്തമാവും മുമ്പ് ഞാന്‍ അതിന്‍റെ വായിലായിരുന്നു. മരിച്ചു പോവുമെന്ന് ഉറപ്പിച്ചതാണ്. സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോഴേക്കും തിമിംഗലം എന്നെ പുറത്തേക്ക് തള്ളി. പുറത്തെത്തിയ ഉടനെ അച്ഛന്‍ ജീവനോടെ ഉണ്ടോ എന്നാണ് ഞാന്‍ നോക്കിയത്. '– യുവാവ് പ്രതികരിച്ചു.

ENGLISH SUMMARY:

Father captures moment son was swallowed by humpback whale