അവ്യക്തമായ സന്ദേശവും ഒപ്പം ജാസ്സ് ഹാന്‍ഡ്സ് ഇമോജി (🤗)യുമയച്ച് ഗര്‍ഭിണിയെ പിരിച്ചുവിട്ട കമ്പനി മേധാവി ഒടുവില്‍ പുലിവാല്‍ പിടിച്ചു . യുവതിയുടെ പരാതി പരിഗണിച്ച കോടതി ഒരുകോടി രൂപ നഷ്ടപരിഹാരവും വിധിച്ചു. ബ്രിട്ടണിലെ ബര്‍മിങ്ഹാമിലാണ് സംഭവം. സ്വന്തം കമ്പനിയില്‍ ജോലി നോക്കിയിരുന്ന പോള മിലുസ്ക എന്ന യുവതിയെയാണ് മനേജാരായ അമ്മര്‍ കബീര്‍ പിരിച്ചുവിട്ടത് . പിരിച്ചുവിടുന്ന കാര്യം അവര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയില്ല . ഒടുവില്‍ ശമ്പളം ലഭിക്കാതെ വന്നപ്പോള്‍ മാത്രമാണ് യുവതിക്ക് ജോലി നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്
2022 മാര്‍ച്ചിലാണ് അമ്മര്‍ കബീറിന്‍റെ കീഴില്‍ പോള മിലുസ്ക ജോലിയില്‍ കയറുന്നത് . കുറച്ചു നാളുകള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയായി . ശാരീരികമായ ബുദ്ധിമുട്ടുകള്‍ മൂലം യാത്രപറ്റുന്നില്ലെന്നും വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും യുവതി കമ്പനിയോട് ആവശ്യപ്പെട്ടു. ഇത് കമ്പനി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ദിനംപ്രതി ആരോഗ്യനില മോശമാവുകയും രാവിലെ ഓണ്‍ ലൈനായി ജോലിക്ക് കയറാനാകാതെയും വന്നു. മാനേജരായ അമ്മര്‍ കബീറിനോട് തന്‍റെ ആരോഗ്യാവസ്ഥ വിശദീകരിച്ച യുവതി ദീര്‍ഘകാല അവധി ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി സന്ദേശവുമയച്ചു .
നവംബര്‍ രണ്ടാം പാദത്തോടെ യുവതിയുടെ അവസ്ഥ തീര്‍ത്തും വഷളായി. അവധി നല്‍കണമെന്ന് വീണ്ടും അമ്മര്‍ കബീറിനെ യുവതി ഓര്‍മിപ്പിച്ചു. ഇതിനിടെ പല തവണ മാനേജര്‍ യുവതിയോട് ജോലിക്ക് കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ അവസ്ഥ പരിതാപകരമാണെന്നും തനിക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും യുവതി ആവര്‍ത്തിച്ച് അറിയിച്ചു.
യുവതി ജോലിക്കെത്താതിരുന്നതിനെ തുടര്‍ന്ന് ഡിസംബറില്‍ അമ്മര്‍ കബീര്‍ യുവതിക്ക് ഒരു ടെക്സ്റ്റ് മെസേജ് അയച്ചു. സുഖമാണെന്ന് കരുതുന്നുവെന്നും, താങ്കള്‍ ജോലിയില്‍ ഏറെ പിന്നില്‍ നില്‍ക്കുകയാണെന്നും കമ്പനിക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടെന്നും കബീര്‍ സന്ദേശത്തിലൂടെ അറിയിച്ചു. തനിക്ക് വേറെ കാര്യങ്ങള്‍ നോക്കേണ്ടതുണ്ടെന്നും വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ് അമ്മര്‍ കബീര്‍ സന്ദേശം അവസാനിപ്പിച്ചു . സന്ദേശത്തിനൊടുവിലായി സന്തോഷം പ്രകടിപ്പിക്കുന്ന ജസ്സ് ഹാന്‍ഡ്സ് ഇമോജിയുംചേര്‍ത്തു.
പക്ഷേ സന്ദേശം തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ളതാണെന്ന് പോള മിലുസ്കയ്ക്ക് മനസിലായില്ല . ഡിസംബര്‍ ഒന്ന് മുതല്‍ ശമ്പളം ലഭിക്കാതിരുന്നതോടെയാണ് തന്നെ പിരിച്ചുവിട്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് എംപ്ലോയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ചു. ഗര്‍ഭിണിയാണെന്ന ഒറ്റക്കാരണത്താലാണ് പോള മിലുസ്കയെപിരിച്ചുവിട്ടതെന്ന് പരാതി പരിഗണിച്ച ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഇത് ഗര്‍ഭിണികള്‍ക്കെതിരായ ചൂഷണമായും കോടതി വിലയിരുത്തി. ഇത് കൂടാതെ ഔദ്യോഗിക അറിയിപ്പിന് പകരം ഇമോജി അയച്ചതും കോടതിയെ ചൊടിപ്പിച്ചു. പിന്നാലെയാണ് 98,000 പൗണ്ട് (ഒരു കോടി രൂപയ്ക്കടുത്ത്) കമ്പനിക്ക് പിഴയിട്ടത്. പിഴത്തുക യുവതിക്ക് നഷ്ടപരിഹാരമായി കമ്പനി നല്‍കണം.