കുട്ടിക്കൂട്ടം ഒരിടത്തും നിസാരമല്ല.. നേപ്പാളിലെ ഒരു കുട്ടി വിശേഷമാണ് സമൂഹമാധ്യമങ്ങളിലാകെ ഇപ്പോഴത്തെ ചർച്ചാവിഷയം. തന്റെ ക്ളാസിലെ നല്ല ഹൃദയമുള്ള മാലാഖമാരെ കണ്ടെത്തിയ സന്തോഷം പങ്കിടുകയാണ് സാങ്യേ എന്ന അധ്യാപിക. നേപ്പാളിലെ സ്മോള്‍ ഹെവന്‍ സ്കൂളിലാണ് മാലാഖമാരുടെ ഈ കഥ നടക്കുന്നത്.   

എന്നത്തേയും പോലെ കലപില ശബ്ദത്തിലമര്‍ന്ന ക്ളാസിലേക്കാണ് സാങ്യേ അന്നും എത്തിയത്. അവരവരുടെ ഇരിപ്പിടങ്ങളിലിരിക്കാതെ കുട്ടിക്കൂട്ടം ഒരു ബഞ്ചിന് ചുറ്റും കൂടിനിന്ന് കാര്യമായെന്തോ ഒപ്പിക്കുകയാണ്. പ്രണവ്.. സാങ്യേ നീട്ടി വിളിച്ചു.. അവര്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി. എന്താ അവിടെ പരിപാടി.. കുട്ടികള്‍ കൈക്കുമ്പിളില്‍ നിറയെ കാശുമായി ടീച്ചര്‍ക്ക് മുന്നിലെത്തി. 

സാങ്യേക്ക് ഒരു നിമിഷം കാര്യം പിടികിട്ടിയില്ല. ഇത് പ്രിന്‍സിന് പിക്നിക്കിനുള്ള പൈസയാണ് ടീച്ചര്‍. അവരൊന്നിച്ച് വിളിച്ച് പറഞ്ഞു. അതിന് നിങ്ങള്‍ പണം പിരിക്കണ്ട, ഞാനാണ് അവന് പണം കൊടുക്കുകയെന്നായി സാങ്യേ. വേണ്ട വേണ്ട, പ്രിന്‍സ് ഞങ്ങള്‍ടെ കൂട്ടുകാരനാ..കാശ് ഇന്നാ പിടിച്ചോ.. പണം ടീച്ചറെ ഏല്‌‍പ്പിക്കുന്നതിനിടെ ആരോ പറഞ്ഞു. ടീച്ചറേ ദേ പ്രിന്‍സ് കരയുന്നു.

അവന്‍ കരഞ്ഞുപോയി..കൂട്ടുകാര്‍ക്ക് തന്നോടുള്ള ഇഷ്ടം കണ്ട് ആ കുഞ്ഞുമനസ് സന്തോഷം കൊണ്ട് വിതുമ്പിപ്പോയി. കുഞ്ഞുമനസുകളിലെ മാലാഖ നന്‍മയെ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് സാങ്യേ എന്ന അധ്യാപിക. ഈ കുഞ്ഞുങ്ങള്‍ തന്നെ പഠിപ്പിച്ച വലിയ പാഠമെന്തെന്ന് കൂടി പങ്ക് വെക്കുകയാണവര്‍. പരസ്പരം താങ്ങാവുക എന്നതാണ് മനുഷ്യര്‍ക്ക് തമ്മില്‍ തമ്മില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും സുന്ദരമായ കാര്യം. പ്രിന്‍സ് സന്തോഷത്തോടെ കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രപോയി. അവന്റെ സ്കൂളിന് സമീപത്തുത്തന്നെ കരിമ്പ് ജ്യൂസ് വിൽക്കുന്നവരാണ് പ്രിന്‍സിന്റെ മാതാപിതാക്കള്‍. കൂട്ടുകാര്‍ കാണിച്ച സ്നേഹത്തിന് പകരമായി പ്രിന്‍സിന്റെ അമ്മ അവന്റെ കൂട്ടുകാര്‍ക്കായി നിറയെ കരിമ്പ് കൊടുത്തയച്ചു. സൗഹൃദം പ്രത്യേകം പരിശ്രമമൊന്നും നടത്തി ഉണ്ടാവേണ്ടതല്ല. അതൊരു കിസ്സ പോലങ്ങനെ ഉണ്ടായിവരുന്നതാണ്. പ്രിന്‍സിനേം കൂട്ടുകാരേം പോലെ.