മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളിൽ താരമായ 'മൊണാലിസ’ എന്ന മോണി ബോസ്ലെയാണ് ഇപ്പോള്‍ താരം. എന്നാല്‍ മൊണാലിസയെ ആഘോഷിക്കുന്നത് കാണുമ്പോള്‍ റാണു മൊണ്ടേലിനെയാണ് ഓര്‍മ വരുന്നതെന്നാണ് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.
'മേരി പ്യാർ കാ നഗ്മാ ഹേ' എന്ന പാട്ട് പാടി വൈറലായ ആളാണ് റാണു മൊണ്ടേല. ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ റാണു സെലിബ്രിറ്റിയായി. ഇക്കാലത്ത് കൂടെ കൂടിയവര്‍ അവരെക്കൊണ്ട് പല വേഷങ്ങളും കെട്ടിച്ചു. ഒടുവില്‍ റാണുവിന്റെ അമിത മേക്കപ്പിനെ പരിഹസിച്ച് പലരും രംഗത്തെത്തി. ഒടുവില്‍ അവരിപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. അതേപോലെ, വിദ്യാഭ്യാസമോ മറ്റു പശ്ചാത്തലമോ ഇല്ലാത്ത മോണാലിസ എന്ന പെൺകുട്ടിയുടെ കൂടെ കൂടിയിരിക്കുന്നവര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
മഹാകുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ പെണ്‍കുട്ടിയാണ് മൊണാലിസ. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ 'മൊണാലിസ' എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മോണാലിസയെ ആഘോഷമായി കൊണ്ടുനടക്കുന്നത് കാണുമ്പോൾ റാണു മൊണ്ടേലിനെ ആണ് ഓർമ്മ വരുന്നത്.
ഉത്തരേന്ത്യയിലെ റാണാഘട്ട് റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടി ഉപജീവനം കഴിക്കുകയായിരുന്നു അവർ.'മേരി പ്യാർ കാ നഗ്മാ ഹേ' എന്ന പാട്ട് റാണു പാടുന്നത് കേട്ടാൽ സാക്ഷാൽ ലതാ മങ്കേഷ്‌കർ പാടുന്നതായേ തോന്നൂ. ഇതുകേട്ട ഒരു സംഗീതപ്രേമി ആ പാട്ട് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ശേഷം ചരിത്രമാണ്.
റിയാലിറ്റി ഷോയിൽ വന്നു. ഒരു സിനിമയിൽ പാട്ട് പാടി. ഒറ്റ രാത്രി കൊണ്ട് സെലിബ്രിറ്റിയായി. അപ്പോൾ, ചുറ്റും കൂടിയ ആൾക്കാർ ആ പാവം സ്ത്രീയെ സെലിബ്രിറ്റിക്കു യോജിച്ചരീതിയിൽ മേക്ഓവർ നടത്തി കൊണ്ടുനടന്നു.
സോഷ്യൽ മീഡിയക്ക് ഒരു ഗുണമുണ്ട്. പൊക്കി നടത്തുന്നത് പോലെ തന്നെ താഴെയിടുകയും ചെയ്യും. റാണുവിന്റെ അമിത മേക് അപ്, പെരുമാറ്റം എല്ലാം വിമർശിക്കപ്പെട്ടു. അവരെ ഒരു പരിഹാസ പാത്രമാക്കി. അവരിപ്പോളെവിടെയുണ്ട്? ആർക്കറിയാം.
അതേപോലെ, വിദ്യാഭ്യാസമോ മറ്റു പശ്ചാത്തലമോ ഇല്ലാത്ത മോണാലിസ എന്ന പെൺകുട്ടിയുടെ കൂടെ ആരൊക്കെയോ കൂടിയിരിക്കുന്നു. എന്തൊക്കെയോ ചെയ്യുന്നു. എവിടെ ചെന്നു നിൽക്കുമോ എന്തോ?