Photo Credit; x
ജീവിതത്തിലെ ഏറ്റവും കടുത്ത വേദന ഏതാണ്? മരണ സമയത്താണോ? ഉത്തരമില്ലാത്തൊരു ചോദ്യമാണത്. മരണത്തെക്കുറിച്ചുള്ള ചിന്ത പോലും നമ്മെ വല്ലാതെ വേട്ടയാടിയേക്കാം. അപ്പോള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട്, ആ ദിനം കാത്ത് കാരാഗൃഹത്തില്‍ കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കും. അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്ര ഭയാനകമായിരിക്കും...
ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് തൂക്കിലേറ്റിയാണ്. എന്നാല്‍ അമേരിക്കയിലെ വധശിക്ഷ ഷോക്കടിപ്പിച്ചുകൊണ്ടാണ്. യുഎസിലെ സൗത്ത് കാരലൈനയിൽ മരണം കാത്തുകഴിയുന്ന ഒരു അറുപത്തേഴുകാരനുണ്ട്. പേര് ബ്രാഡ് സിഗ്‍മൻ. മുൻ പങ്കാളി റബേക്ക ബാർബറയുടെ മാതാപിതാക്കളെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിനാണ് സിഗ്‍മന് കോടതി വധശിക്ഷ വിധിച്ചത്.
മാർച്ച് ഏഴിനാണ് ബ്രാഡ് സിഗ്‍മന്‍റെ ശിക്ഷ നടപ്പാക്കുന്നത്. അമേരിക്കയിലെ ചട്ടപ്രകാരം, വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചോ, വിഷം കുത്തിവച്ചോ, വെടിവച്ചോ ആണ് വധശിക്ഷ നടപ്പാക്കേണ്ടത്. പ്രത്യേകമായി മറ്റ് രീതികളൊന്നും ആവശ്യപ്പെട്ടില്ലെങ്കിൽ, വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചാണ് കുറ്റവാളികളെ വധിക്കുക.
ഒരു കാരണവശാലും ഷോക്കടിപ്പിച്ച് എന്നെ കൊല്ലരുത് – ഇതാണ് ബ്രാഡ് സിഗ്‍മന്‍റെ ഒടുവിലത്തെ അപേക്ഷ. വിഷം കുത്തിവെച്ച് കൊല്ലുന്നതിനോടും അദ്ദേഹത്തിന് വിയോജിപ്പാണ്. അതുകൊണ്ട് സിഗ്‍മന്‍ തന്നെ കൊല്ലാനുള്ള രീതി സ്വയം തിരഞ്ഞെടുത്തു. വെടിവച്ചുകൊല്ലണമെന്നാണ് സിഗ്‍മന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
അങ്ങനെ 15 വർഷങ്ങള്‍ക്ക് ശേഷം യുഎസിൽ വെടിയുതിർത്തുള്ള വധശിക്ഷ നടപ്പാക്കാനൊരുങ്ങുകയാണ് ജയില്‍ അധികൃതര്‍. സൗത്ത് കാരലൈനയിൽ ആദ്യമാണ് വെടിവെച്ചുള്ള വധശിക്ഷ.
സിഗ്‍മൻ കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്. വൈദ്യുതക്കസേരയിലിരുന്ന് ‘ജീവനോടെ പുഴുങ്ങാനും’ വിഷം കുത്തിവെച്ച് ‘നീണ്ടുനിൽക്കുന്ന ഭീകര വേദന’ താങ്ങാനും എനിക്ക് പറ്റില്ല. എന്നെ നിങ്ങള്‍ വെടിവെച്ച് കൊന്നു കളയണമെന്നാണ് ഏക അഭ്യര്‍ഥന. അതാവുമ്പോള്‍ അധികം വേദന തിന്നാതെ എനിക്ക് യാത്രയാകാം.
നിലവിലുള്ള ഓപ്ഷനുകളില്‍ ‘ഏറ്റവും മികച്ചതാ’ണ് സിഗ്‍മൻ തിരഞ്ഞെടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചത്. മുൻ പങ്കാളിയുടെ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം സിഗ്‍മൻ റബേക്കയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. അരും കൊലകള്‍ക്ക് പിന്നാലെ, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അയാള്‍ മുന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയത്. 2001ലായിരുന്നു ഈ സംഭവങ്ങള്‍.
യുഎസിൽ നേരത്തേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേരെ വെടിവച്ച് കൊന്നിട്ടുണ്ട്. ആദ്യം കസേരയിലിരുത്തി കൈകാലുകൾ കെട്ടും. 15 അടി അകലെ നിന്നാണ് വെടിയുതിര്‍ക്കുക. ഒരു ചെറിയ ദ്വാരത്തിലൂടെ 3 പേരടങ്ങുന്ന സംഘമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ നെഞ്ചിൽ വെടിവയ്ക്കുന്നത്. 54,000 ഡോളർ, അഥവാ 46 ലക്ഷം രൂപ മുടക്കിയാണ് സൗത്ത് കാരലൈനയിൽ ഇതിനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്.