ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഗാസ എങ്ങനെ മാറുമെന്ന് ചിത്രീകരിക്കുന്ന എഐ വിഡിയോ പങ്കുവച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്‍റെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ 'ട്രംപ് ഗാസ' എന്ന ആലേഖനം വിഡിയോയില്‍ പലയിടത്തായി കാണാം. ട്രംപിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രംപ്സോഷ്യലിലാണ് വിഡിയോ പങ്കുവച്ചത്.
അംബരചുമ്പികളായ കെട്ടിടങ്ങളും ആകാശത്ത് നിന്ന് ഡോളര്‍ പെയ്തിറങ്ങുന്നതും വിഡിയോയിലുണ്ട്. തിരക്കേറിയ മാർക്കറ്റുകൾ, സ്ട്രിപ്പ് ക്ലബ്ബുകൾ, ബീച്ച് എന്നിവയും ട്രംപിന്‍റെ ഗാസയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിഡിയോയിലുള്ളത്. ഈന്തപനകള്‍ക്ക് ചുറ്റുമായി ഡൊണള്‍ഡ് ട്രംപിന്‍റെ പൂര്‍ണകായ പ്രതിമായാണ് വിഡിയോയിലെ മറ്റൊരു ആകര്‍ഷണം. ട്രംപിന്‍റെ ഉറ്റ ചങ്ങാതി ഇലോണ്‍ മക്സ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരും വിഡിയോയിലുണ്ട്.
33 സെക്കന്‍റ് വിഡിയോ ആരംഭിക്കുന്നത് നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കുന്ന എഐ ദൃശ്യങ്ങളിലൂടെയാണ്. Whats Next? എന്ന ചോദ്യത്തോടെയാണ് പുതിയ ഗാസയെ കാണിക്കുന്നത്. ട്രംപിന്‍റെ ചിത്രമുള്ള സ്വര്‍ണ ബലൂണ്‍ പിടിച്ച് നടക്കുന്ന കുട്ടിയും തിരക്കേറിയ മാര്‍ക്കറ്റിലൂടെ കടന്നുപോകുന്ന ആളുകളും വാഹനങ്ങളും നഗരമധ്യത്തിൽ 'ട്രംപ് ഗാസ' എന്ന ബോർഡുള്ള ഒരു വലിയ കെട്ടിടവും വിഡിയോയിലുണ്ട്.
ട്രംപിന്‍റെ മിനിയേച്ചറുകൾ, സുവനീറുകളായി വിൽക്കുന്ന ഒരു കടയും വിഡിയോയിലുണ്ട്. യുഎസ് താല്‍പര്യങ്ങള്‍ക്കപ്പുറം ട്രംപിന്‍റെ ബിസിനസ് താല്‍പര്യങ്ങളാണ് വിഡിയോയില്‍ പ്രകടനം. നൈറ്റ് ക്ലബില്‍ ട്രംപ് നര്‍ത്തകിമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും മസ്ക് ബീച്ചില്‍ പണം എറിയുന്നതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ബീച്ചില്‍ ജ്യൂസ് കഴിച്ചിരിക്കുന്ന ട്രംപിന്‍റെ ദൃശ്യമാണ് വിഡിയോയില്‍ അവസാന ഭാഗത്തുള്ളത്.
ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഗാസ ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. 'ഗാസയെ യുഎസ് ഏറ്റെടുക്കും. ഗാസയിലെ ബോംബും ആയുധങ്ങളും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഞങ്ങളുടേതാകും. സ്ഥലം നിരപ്പാക്കി പൊളിഞ്ഞ കെട്ടിടങ്ങള്‍ ഒഴിവാക്കും എന്നായിരുന്നു' ട്രംപിന്‍റെ വാക്കുകള്‍.
മേഖലയിലുണ്ടാകുന്ന സാമ്പത്തിക വികസനം ധരാളം പാര്‍പ്പിടങ്ങളും ജോലിയും മേഖലയിലെ ജനങ്ങള്‍ക്ക് കൊണ്ടുവരുമെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗാസയില്‍ താമസിക്കുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന പലസ്തീനികള്‍ പ്രദേശം വിടണമെന്നും മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലേക്ക് മാറണമെന്നുമാണ് ട്രംപിന്‍റെ ആവശ്യം.
എന്നാല്‍ ഗാസ ഏറ്റെടുത്ത് ഉല്ലാസകേന്ദ്രമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ നേരത്തെ തന്നെ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും എതിര്‍ത്തിരുന്നു.