ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ജോ ബൈഡന്‍ സര്‍ക്കാര്‍ ഇടപെട്ടു. ഗുരുതര ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ഇപ്പോഴത്തെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ്. ഇന്ത്യയില്‍ ചിലരെ തിരഞ്ഞെടുക്കാൻ ഡെമോക്രാറ്റ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ട്രംപിന്‍റെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് രാഹുല്‍ ഗാന്ധിയിലേക്കും കോണ്‍ഗ്രസിലേക്കുമാണോ?
മയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഇനീഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രയോറിറ്റി സമ്മിറ്റിൽ പങ്കെടുക്കുമ്പോഴായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പരാമർശം. ഇന്ത്യയോടും നരേന്ദ്ര മോദിയോടും എനിക്ക് വളരെയേറെ ബഹുമാനമുണ്ട്. പക്ഷേ ഇന്ത്യയില്‍ ചിലർ തിരഞ്ഞെടുക്കപ്പെടുന്നതിനായി ബൈഡൻ സർക്കാർ ശ്രമിച്ചെന്നാണ് എന്‍റെ ഊഹം. ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള സഹായം യുഎസ് നിർത്തലാക്കിയതിനു പിന്നാലെയാണ് ട്രംപിന്‍റെ ആരോപണം.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാക്കി മാറ്റാന്‍ ബാഹ്യശക്തികൾ ഇടപെട്ടു. കോൺഗ്രസിനെ ഉന്നംവെച്ച് അതിരൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിദേശ സ്വാധീനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്ലിപ്പുകൾ പങ്കുവെച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ സമൂഹമാധ്യമങ്ങളിലും ചര്‍ച്ച സജീവമാക്കി. ഒടുവില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ജോ ബൈഡന്‍ ശ്രമിച്ചു എന്ന് വരെയായി ആരോപണം. ഡെമക്രറ്റുകളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടിയും ചിലര്‍ രംഗത്തുവന്നു.
ഡോണള്‍ഡ് ട്രംപിന്‍റെ പരാമര്‍ശങ്ങള്‍ അസംബന്ധമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ‘മൈ ഫ്രണ്ട് ട്രംപ്’ എന്ന പ്രയോഗത്തിലൂടെ മോദി – ട്രംപ് ബന്ധത്തെ പരിഹസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അണികളുടെ പ്രത്യാക്രമണം. മോദി അമേരിക്കയില്‍ പോയി ഡോണള്‍ഡ് ട്രംപിന് വേണ്ടി വോട്ട് ചോദിച്ചില്ലേ? ട്രംപ് ഇന്ത്യയില്‍ വന്ന് നരേന്ദ്ര മോദിക്കുവേണ്ടി വോട്ട് ചോദിച്ചില്ലേ? ഇങ്ങനെ പോകുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനങ്ങള്‍.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ സ്വാധീനിക്കാന്‍ ലോക പൊലീസ് കളിക്കുന്ന അമേരിക്കയ്ക്ക് സാധിക്കുമോ? ജനാധിപത്യ ഇന്ത്യയെ അങ്ങനെ സ്വാധീനിക്കാന്‍ വിദേശശക്തികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ നാടിന്‍റെ അവസ്ഥ പണ്ടേ മറ്റൊന്നാവില്ലായിരുന്നോ എന്നാണ് ജനാധിപത്യ വിശ്വാസികളുടെ ചോദ്യം. ട്രംപിന്‍റെ പഴയ വാവിട്ട പരാമര്‍ശങ്ങളുടെ അവസ്ഥ കൂടി ഇത് ഏറ്റെടുക്കുന്നവര്‍ ആലോചിക്കേണ്ടിവരും.