thutmose-tomb

TOPICS COVERED

‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും. ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവരെ കാത്തിരിക്കുന്നത് ഭയാനകമായ അന്ത്യമായിരിക്കും’... തൂത്തൻഖാമന്‍റെ കല്ലറ തുറന്നെത്തിയവരെ എതിരേറ്റ വാചകമാണിത്. ആ ശാപവാക്കുകളില്‍ പലരും കഥകള്‍ മെനഞ്ഞു. കല്ലറ തുറന്നവര്‍ പില്‍ക്കാലത്ത് അകാലമൃത്യു വരിച്ചുവെന്ന് നിഗൂഢ സിദ്ധാന്തക്കാര്‍ പ്രചരിപ്പിച്ചു. കഥകള്‍ എന്തായാലും തൂത്തൻഖാമന്‍റെ കല്ലറ തുറന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. അതിന് ശേഷമെങ്ങും അത്തരമൊരു രാജകീയ കല്ലറ പിന്നീട് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആ ചരിത്രവും മാറ്റിയെഴുതപ്പെടുകയാണ്. കാത്തിരിപ്പിനു ശേഷം വീണ്ടുമൊരു ഫറവോയുടെ ശവകുടീരം ഈജിപ്തില്‍ മറനീക്കി പുറത്തുവരുന്നു.

thutmose-ai-image

AI Generated Image

1922 നവംബർ 4നാണ് തുത്തൻഖാമന്റെ കല്ലറ കണ്ടെത്തുന്നത്. നവംബർ26നു കല്ലറ തുറന്നു. തൂത്തൻ ഖാമന്‍റെ കല്ലറയ്ക്ക് ശേഷം അത്രത്തോളം രാജകീയമായ, പ്രാധാന്യമേറിയ  മറ്റൊരു രാജാവിന്‍റെയും കല്ലറ ഈജിപ്തില്‍ കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന 18ാം രാജവംശത്തിലെ രാജാവായ തുത്മോസ് രണ്ടാമന്റെ കാലങ്ങളായി മറഞ്ഞുകിടന്ന ശവകുടീരം ഗവേഷകര്‍ കണ്ടെത്തിയത്. ഈജിപ്തിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം, ബ്രിട്ടീഷ്, ഈജിപ്ഷ്യൻ പുരാവസ്തു സംഘം എന്നിവരുടെ സംയുക്ത സംഘമാണ് തുത്മോസ് രണ്ടാമന്റെ കല്ലറ കണ്ടെത്തിയത്. നിരവധി ഫറവോമാരെയും അവരുടെ കുടുംബാംഗങ്ങളെയും അടക്കം ചെയ്ത, നൈൽ നദിക്കടുത്തുള്ള ‘മരിച്ചവരുടെ നഗര’മായ രാജാക്കന്മാരുടെ താഴ്‌വരയ്ക്ക് സമീപമാണ് കല്ലറ കണ്ടെത്തിയത്.

രാജാക്കന്മാരുടെ താഴ്‌വരയില്‍ 2022 ഒക്ടോബറിൽ കണ്ടെത്തിയ മറ്റൊരു ശവകുടീരത്തിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് തുത്മോസ് രണ്ടാമന്റെ ശവകുടീരത്തിന്റെ പ്രവേശന കവാടവും വഴിയും തെളിയുന്നത്. തുടക്കത്തിൽ ഒരു രാജ്ഞിയുടേതോ അല്ലെങ്കിൽ രാജവംശത്തില്‍ തന്നെ താഴേക്കിടയിലുള്ള ആരുടെയെങ്കിലും ശവകുടീരമാകുമെന്നാണ് ഗവേഷകര്‍ കരുതിയത്. എന്നാല്‍ ‘അംദുവാട്ട്’ എന്നറിയപ്പെടുന്ന രാജകീയ ശവസംസ്കാര വാചകത്തിൽ നിന്നുള്ള ഹൈറോഗ്ലിഫിക് ലഘുലേഖകൾ കൊണ്ട് അലങ്കരിച്ച ചുവരുകളും രാത്രി ആകാശത്തെ പ്രതിനിധീകരിക്കുന്ന മഞ്ഞ നക്ഷത്രങ്ങൾ വരച്ച നീല സീലിങുമാണ് അവിടെ നിത്യനിദ്ര കൊള്ളുന്നത് ചില്ലറക്കാരനല്ല എന്ന് ആദ്യം സൂചന നല്‍കിയത്. പുരാതന ഈജിപ്തുകാർ സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, തൈലങ്ങൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ പാത്രങ്ങളടക്കം കല്ലറയില്‍ കണ്ടെത്തിയിട്ടുണ്ട്. തുത്‌മോസ് രണ്ടാമന്റെയും ഭാര്യ ഹാഷെപ്‌സുറ്റ് രാജ്ഞിയുടെയും പേരുകൾ ആലേഖനം ചെയ്തതായിരുന്നു പാത്രങ്ങള്‍.

thutmose-tomb-inside

Image Credit: Ministry of Tourism and Antiquities

ആരാണ് തുത്മോസ് രണ്ടാമൻ?

ബിസി 1493 മുതൽ ഏകദേശം 1479 വരെ ഫറവോ ആയിരുന്ന തുത്മോസ് രണ്ടാമനെക്കുറിച്ച് വളരെക്കുറച്ച് വിശദാംശങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. തൂത്തൻ ഖാമന്‍ ജീവിച്ചിരുന്നതിനും 100 വർഷത്തിലേറെ മുമ്പ് അതേ 18ാം രാജവംശത്തിലായിരുന്നു തുത്മോസ് രണ്ടാമനും ജീവിച്ചിരുന്നത്. പ്രതിസന്ധിയുടെയും അസ്ഥിരതയുടെയും ഒരു കാലഘട്ടത്തുനിന്ന് ഈജിപ്തിന്‍റെ പ്രൗഡി വീണ്ടെടുത്ത ശക്തനായ ഫറവോ തുത്മോസ് ഒന്നാമന്റെ മകനാണ് തുത്മോസ് രണ്ടാമൻ. തന്റെ പിതാവിന്റെ വിജയങ്ങൾക്ക് ഊര്‍ജം പകര്‍ന്ന സൈനിക നീക്കങ്ങൾക്ക് തുത്മോസ് രണ്ടാമൻ നേതൃത്വം നൽകിയതായി രേഖകൾ സൂചിപ്പിക്കുന്നു. ശക്തയായ ഈജിപ്ഷ്യൻ രാജ്ഞി ഹാറ്റ്ഷെപ്സുട്ടിന്റെ ഭർത്താവും അർദ്ധസഹോദരനുമാണ് തുത്മോസ് രണ്ടാമൻ. തുത്മോസ് രണ്ടാമന്റെ മരണശേഷം 20 വർഷത്തിലേറെ ഫറവോ ആയിരുന്നത് ഹാറ്റ്ഷെപ്സുട്ട് ആണ്. തുത്മോസ് രണ്ടാമന് മറ്റൊരു ഭാര്യയിൽ ജനിച്ച പുത്രനാണ് തുത്മോസ് മൂന്നാമൻ അഥവാ ഗ്രേറ്റ് തുത്മോസ്.

tomb-thutmose

Image Credit: Ministry of Tourism and Antiquities

തൂത്തൻഖാമന്‍റേതു പോലെത്തന്നെ സമ്പന്നമായ ശവകുടീരമായിരുന്നു തുത്മോസ് രണ്ടാമന്‍റേതും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തുത്മോസ് രണ്ടാമന്‍റെ മരണത്തിന് 500 വർഷങ്ങൾക്ക് ശേഷം വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്‍റെ മമ്മിയെ മാറ്റിസ്ഥാപിക്കുകയായിരുന്നു. 19ാം നൂറ്റാണ്ടിൽ തീബ്സിനടുത്തായി ഇത്തരത്തില്‍ പുനർനിർമ്മിച്ച കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. കല്ലറകള്‍ മാറ്റി സ്ഥാപിക്കല്‍ താരതമ്യേന സാധാരണമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. തുത്‌മോസിന്റെ മമ്മി 1881ൽ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ യഥാർഥ കല്ലറ ഇത്രയും കാലം അജ്ഞാതമായിരുന്നു. മമ്മിയുടെ മെഡിക്കൽ സ്കാനുകൾ സൂചിപ്പിച്ചിരുന്നത് അദ്ദേഹത്തിന്‍റെ മരണം ഹൃദയസ്തംഭനം മൂലമാകാമെന്നാണ്. രാജാക്കന്മാരുടെ താഴ്‌വരയിൽ നിന്ന് പടിഞ്ഞാറ് മാറിയാണ് പുതുതായി കണ്ടെത്തിയ ശവകുടീരം. അദ്ദേഹത്തിന്റെ മുൻഗാമിയായ ആമെൻഹോടെപ്പ് ഒന്നാമൻ അടക്കമുള്ള ഫറവോമാരുടെ യഥാർഥ ശവകുടീരങ്ങളും ഇതേ പ്രദേശത്തു തന്നെ ഉണ്ടാകാമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

thutmose-tomb-particles

Image Credit: Ministry of Tourism and Antiquities

ഈജിപ്ഷ്യൻ രാജകീയ ശവകുടീരങ്ങളിൽ പലതും പലപ്പോളായി നിധികൾക്കായി കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. പുരാതനകാലത്തേ ഈ കൊള്ള തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ചില ഫറവോമാരുടെ ശവകുടീരങ്ങള്‍ പിന്നീട് മറ്റിടങ്ങളിൽ പുനർനിർമിക്കുകയുണ്ടായി. തൂത്തൻ ഖാമന്‍റെ കല്ലറയില്‍ എഴുതിയതുപോലെ ശാപവാക്കുകള്‍ പല കല്ലറകളിലും കണ്ടെത്തിയിരുന്നെങ്കിലും അതൊന്നും കൊള്ളക്കാരെ പിന്തിരിപ്പിച്ചിരുന്നില്ല. എന്നാല്‍ തുത്മോസ് രണ്ടാമന്‍റെ കല്ലറയില്‍ കൊള്ളയുടെ ലക്ഷണങ്ങളില്ലെന്ന് ഗവേഷകര്‍ പറയുന്നു. പകരം പുരാതന ഈജിപ്തുകാര്‍ തുത്മോസ് രണ്ടാമന്‍റെ മമ്മി മറ്റൊരിടത്തേക്ക് മാറ്റിയപ്പോള്‍ ശവകുടീരത്തിലെ നിധിയും മാറ്റിയിരിക്കാമെന്നാണ് കരുതുന്നത്.

thutmose-tomb-ceiling

Image Credit: Ministry of Tourism and Antiquities

തൂത്തൻ ഖാമന്‍റെ കല്ലറ കണ്ടെത്തിയതിന് ശേഷം ഈജിപ്തിൽ കണ്ടെത്തിയ ആദ്യത്തെ രാജകീയ കല്ലറ ഇതാണെന്ന് പറയുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അല്ലെന്ന് നാഷണല്‍ ജോഗ്രഫികിന്‍റെ വെബ്സൈറ്റ് പറയുന്നു. ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മൂന്ന് ഫറവോമാരുടെ ശവകുടീരങ്ങൾ പുരാതന നൈൽ ഡെൽറ്റ നഗരമായ ടാനിസിലെ അവശിഷ്ടങ്ങൾക്കിടയിൽ 1939 ലും 1940 ലും കണ്ടെത്തിയിരുന്നു. കൂടാതെ അധികം അറിയപ്പെടാത്ത അബിഡോസ് രാജവംശത്തിലെ നാല് ചെറിയ രാജകീയ ശവകുടീരങ്ങൾ 2014ൽ കണ്ടെത്തിയതായും എന്‍ജിസി പറയുന്നുണ്ട്. എന്നിരുന്നാലും തെക്കൻ ഈജിപ്തിലെ ലക്സറിന് പടിഞ്ഞാറ്‍ സ്ഥിതി ചെയ്യുന്ന ‘രാജാക്കന്മാരുടെ താഴ്‌വര’യ്ക്ക് സമീപം തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷം രാജകീയമായ മറ്റൊരു കല്ലറ കണ്ടെത്തുന്നത് ഇതാദ്യമാണ്.

ENGLISH SUMMARY:

Archaeologists in Egypt have made a groundbreaking discovery—the lost tomb of Pharaoh Thutmose II, a ruler of the 18th Dynasty who reigned over 3,500 years ago. Located near the Valley of the Kings, this royal burial site is the first significant find of its kind since the discovery of King Tutankhamun's tomb in 1922. The tomb’s inscriptions, celestial-themed ceiling, and preserved artifacts offer new insights into ancient Egyptian burial practices. Read on to explore the fascinating history behind this monumental discovery and its impact on Egyptology.