ഈജിപ്തില്‍ 3 കോടി വര്‍ഷം പഴക്കമുള്ള മാംസഭോജിയായ മൃഗത്തിന്‍റെ തലയോട്ടി കണ്ടെത്തി. ബാസ്റ്റെറ്റോഡൺ സിർടോസ് എന്ന ജീവിയുടെ തലയോട്ടിയാണ് ഈജിപ്തിലെ ഫായും താഴ്‌വരയിൽ നിന്ന് കണ്ടെത്തിയത്. യനോഡോണ്ടുകൾ എന്ന സസ്തനി വിഭാഗത്തിൽപ്പെടുന്നവയാണ് ബാസ്റ്റെറ്റോഡൺ. അക്കാലത്തെ ഭക്ഷ്യശൃംഖലയിൽ ഏറ്റവും മുകളിലുണ്ടായ മാംസഭോജി ഇതാണെന്ന് കരുതുന്നു. പുള്ളിപ്പുലിയുടെ വലുപ്പമുള്ളതെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് മൂർച്ചയുള്ള പല്ലുകളും ഉറപ്പുള്ള താടിയെല്ലുമുണ്ട്.
പൂച്ചയുടേത് പോലുള്ള പല്ലുകളും നായയുടേത് പോലുള്ള ശരീരവുമുള്ള മൃഗമായിരുന്നു ബാസ്റ്റെറ്റോഡൺ സിർടോസ് എന്നാണ് ഗവേഷകര്‍ പറയുന്നത്. തലയോട്ടിയിൽ കണ്ടെത്തിയ മൂർച്ചയുള്ള പല്ലുകളും ഉറപ്പുള്ള താടിയെല്ലും ഇരയെ ശക്തിയോടെ കടിച്ചുപിടിക്കാനുള്ള ബാസ്റ്റെറ്റോഡണിന്റെ ശേഷിയെ കുറിച്ചുള്ള സൂചനകള്‍ നൽകുന്നു. സസ്തനിയായ ഇവയുടെ രൂപം വളരെ ഭീതി ജനിപ്പിക്കുന്നതാണെന്നും കരുതുന്നു. ആനകളെയും ഹിപ്പോപൊട്ടാമസിനെയുമുള്‍പ്പെടെ ഇവ വേട്ടയാടിയിരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. വെർട്ടെബ്രേറ്റ് പാലിയോന്റോളജി എന്ന ജേണലിൽ ആണ് ഇവയെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബാസ്റ്റെറ്റോഡൺ സിർടോസിന്‍റെ ഫോസിലുകള്‍ കണ്ടെത്തിയതിലൂടെ ആഫ്രിക്കയിലെ പ്രാചീന ഇരപിടിയന്‍ ജീവികളെക്കുറിച്ചും അവയുടെ വംശനാശത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം കൂടുതല്‍ മനസിലാക്കാനാകുമെന്നാണ് പാലിയന്റോളജിസ്റ്റുകൾ കരുതുന്നത്.
ഏതാനും ദിവസങ്ങളായി ഗവേഷകർ പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിരുന്നു.ഒരു ദിവസം തിരച്ചിൽ അവസാനിപ്പിച്ച് പോകാനൊരുങ്ങുമ്പോഴാണ് ടീമംഗങ്ങളിൽ ഒരാൾ ഒരു കൂട്ടം പല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതായി കണ്ടത്. പിന്നീട് സംഘം ഒന്നാകെ മണ്ണുനീക്കി തലയോട്ടി പുറത്തെടുക്കുകയായിരുന്നു. പൂർണരൂപത്തിൽ തന്നെ ലഭിക്കുകയെന്നത് ഏതൊരു വെർട്ടെബ്രേറ്റ് പാലിയന്റോളജിസ്റ്റിന്റെയും സ്വപ്നനേട്ടമാണെന്ന് ഗവേഷകനായ ഷോറൂഖ് അൽ അഷ്കർ പറഞ്ഞു